Cricket

പ്ലേ ഓഫ് ഉറപ്പിക്കാൻ ഗുജറാത്ത്, വിജയം മാത്രം ലക്ഷ്യമിട്ട് മുംബൈ; വാംഖഡെയിൽ ഇന്ന് തീപാറും

ഐപിഎലിൽ ഇന്ന് മുംബൈ ഇന്ത്യൻസും ഗുജറാത്ത് ടൈറ്റൻസും തമ്മിൽ ഏറ്റുമുട്ടും. മുംബൈ ഇന്ത്യൻസിൻ്റെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. 11 മത്സരങ്ങളിൽ നിന്ന് 16 പോയിൻ്റുള്ള ഗുജറാത്ത് പോയിൻ്റ് പട്ടികയിൽ ഒന്നാമതും ഇത്ര മത്സരങ്ങളിൽ നിന്ന് 12 പോയിൻ്റുള്ള മുംബൈ ഇന്ത്യൻസ് നാലാമതുമാണ്. ഇന്ന് വിജയിക്കാനായാൽ ഗുജറാത്ത് പ്ലേ ഓഫ് ഉറപ്പിക്കും. മുംബൈ ആവട്ടെ, ഇന്ന് വിജയിച്ചാൽ പോയിൻ്റ് പട്ടികയിൽ മൂന്നാമതെത്തും.

ഗുജറാത്ത് എതിരാളികളില്ലാതെ കുതിക്കുകയാണ്. ഡൽഹി ക്യാപിറ്റൽസിനെതിരെ അപ്രതീക്ഷിത തോൽവി വഴങ്ങിയെങ്കിലും കഴിഞ്ഞ ആറ് മത്സരങ്ങളിൽ അഞ്ചിലും വിജയിച്ച ഗുജറാത്ത് പ്രതിഭാധാരാളിത്തത്തിൽ വീർപ്പുമുട്ടുകയാണ്. ബാറ്റിംഗിലും ബൗളിംഗിലും മാച്ച് വിന്നർമാരെക്കൊണ്ട് സമ്പന്നമാണ് ഗുജറാത്ത്. ലോകകപ്പ് ജേതാവും പരിമിത ഓവർ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളും ശ്രീലങ്കൻ ക്യാപ്റ്റനുമായ ദസുൻ ശാനകയ്ക്ക് ഇതുവരെ ഒരു കളി പോലും കളിക്കാനായില്ലെന്നതാണ് ടീമിൻ്റെ ക്വാളിറ്റി. പ്രത്യേകിച്ച് ഒരു ദൗർബല്യവുമില്ലാത്ത ഗുജറാത്ത് ടീമിൽ മാറ്റമുണ്ടാവില്ല.

രോഹിത് ശർമയുടെ ഫോം ആശങ്കയിലും ചാർജ്ഡ് അപ്പ് ആയ ബാറ്റിംഗ് നിരയാണ് മുംബൈയുടെ കരുത്ത്. ഏഴാം നമ്പരിൽ വരെ ക്വാളിറ്റി ബാറ്റർമാരുള്ള മുംബൈ അതുകൊണ്ട് തന്നെ ചേസ് ചെയ്യാനാവും ശ്രമിക്കുക. തിലക്, സൂര്യ, ഗ്രീൻ, വധേര, ഡേവിഡ് എന്നീ മധ്യനിരക്കൊപ്പം ഇഷാൻ കിഷൻ കൂടി ചേരുന്ന ബാറ്റിംഗ് നിര ഭയപ്പെടുത്തുന്നതാണ്. രോഹിത് കൂടി ഫോമിലേക്കെത്തിയാൽ ഒരു ലക്ഷ്യവും മുംബൈക്ക് മുന്നിൽ സുരക്ഷിതമാവില്ല. എന്നാൽ, പീയുഷ് ചൗളയെ മാറ്റിനിർത്തിയാൽ നിരാശപ്പെടുത്തുന്ന ബൗളിംഗ് നിര മുംബൈക്ക് തലവേദനയാണ്. ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങിയ ജോഫ്ര ആർച്ചറിനു പകരമെത്തിയ ക്രിസ് ജോർഡൻ സ്ലോഗ് ഓവറുകളിൽ ഭേദപ്പെട്ട നിലയിൽ പന്തെറിഞ്ഞു എന്നത് മുംബൈക്ക് ആശ്വാസമാണ്. ജേസൻ ബെഹ്റൻഡോർഫ് ആണ് ചൗള കഴിഞ്ഞാൽ തമ്മിൽ ഭേദം. പരുക്ക് മാറിയാൽ തിലക് വർമ ടീമിലെത്തും.