മുംബൈ: ഐപിഎല്‍ 15-ാം സീസണിലെ മെഗാ താരലേലത്തിനായി (IPL Mega Auction) 590 താരങ്ങളുടെ പട്ടികയാണ് ബിസിസിഐ (BCCI) തയ്യാറാക്കിയിട്ടുള്ളത്. 1214 താരങ്ങളില്‍ നിന്നാണ് ചുരുക്കപ്പട്ടിക പുറത്തുവിട്ടത്. ഫെബ്രുവരി 12,13 തിയ്യതികളില്‍ ബംഗളൂരുവിലാണ് ലേലം നടക്കുന്നത്. പ്രാഥമിക പട്ടികയില്‍ ഇല്ലാതിരുന്ന 44 താരങ്ങളെകൂടി ബിസിസിഐ പുതുക്കിയ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫ്രാഞ്ചൈസികള്‍ താല്‍പര്യപ്പെട്ടപ്പോഴാണ് ബിസിസിഐ ഈ താരങ്ങളെ കൂടി ടീമില്‍ ഉള്‍പ്പെടുത്താന്‍ തയ്യാറായത്.
ഇംഗ്ലിഷ് താരം ജോഫ്ര ആര്‍ച്ചര്‍, ഓസ്ട്രേലിയന്‍ താരം ഉസ്മാന് ഖവാജ തുടങ്ങിയവരാണ് ഇത്തരത്തില്‍ പട്ടികയിലിടം നേടിയ പ്രമുഖര്‍. ബെന്‍ സ്റ്റോക്സ്, മിച്ചല്‍ സ്്റ്റാര്‍ക്ക് എന്നിവര്‍ പിന്മാറി. അതേസമയം, വിന്‍ഡീസ് താരം ക്രിസ് ഗെയ്ലിനായും ടീമുകള്‍ രംഗത്തെത്തി. എന്നാല്‍ ഐപിഎല്ലിനില്ലെന്ന നിലപാടില്‍ വിന്‍ഡീസ് വെറ്ററന്‍ താരം ഉറച്ചുനിന്നു.
ആര്‍ച്ചര്‍ പട്ടികയിലുണ്ടെങ്കിലും ഈ സീസണില്‍ താരത്തിന്റെ സേവനം ലഭിക്കില്ല. എന്നാല്‍ അടുത്ത രണ്ട് സീസണ് കളിക്കാന്‍ താരം തയ്യാറാണ്. ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് ഇക്കാര്യം ബിസിസിഐയെ അറിയിക്കുകയായിരുന്നു. അടുത്ത രണ്ട് സീസണ് വേണ്ടി ആര്‍ച്ചറെ ടീമില്‍ ഉള്‍പ്പെടുത്താം. ഉസ്മാന് ഖവാജയ്ക്ക് 1.5 കോടിയാണ് അടിസ്ഥാന വില.
പുതുതായി ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ 44 താരങ്ങളില്‍ 11 പേര് ഇന്ത്യക്കാരാണ്. ഓസ്ട്രേലിയയില്‍ നിന്ന് അഞ്ച് താരങ്ങളുണ്ട്. ഏഴ് പേര് ദക്ഷിണാഫ്രിക്കന്‍ താരങ്ങളാണ്. ആറു പേര് ന്യൂസീലന്‍ഡില്‍ നിന്നുണ്ട്. ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് എന്നീ രാജ്യങ്ങളില്‍ നിന്ന് നാല് പേര് വീതമുണ്ട്. സ്കോട്ലന്ഡ്, അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് രണ്ട് പേരും പട്ടികയിലെത്തി.