മോശം ഫോമിനെ തുടർന്ന് അതിരൂക്ഷ വിമർശനം നേരിടുന്ന ഇന്ത്യൻ ഓപ്പണർ കെ.എൽ രാഹുലിനെ പിന്തുണച്ച് മുൻ താരം ഗൗതം ഗംഭീർ. എല്ലാ കളിക്കാരും അവരവരുടെ കരിയറിലെ ഏറ്റവും മോശം കാലഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. കെ.എല്‍ രാഹുലിനെ വിമര്‍ശിക്കുന്നത് അന്യായമാണെന്നും ഒറ്റപ്പെടുത്തരുതെന്നും ഗംഭീര്‍ പ്രതികരിച്ചു.
‘രാഹുലിനെ വിമർശിക്കുന്ന ആളുകൾക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് എത്ര ബുദ്ധിമുട്ടാണെന്ന് അറിയില്ല. ഒരു കളിക്കാരൻ നന്നായി കളിക്കുമ്പോഴുള്ളതിനേക്കാൾ കൂടുതൽ പിന്തുണ ഫോമിൽ അല്ലാത്തപ്പോൾ കൊടുക്കണമെന്ന് ഞാൻ വിശ്വസിക്കുന്നു. തുടക്കം മുതൽ അവസാനം വരെ റൺസ് നേടിയ ഒരു കളിക്കാരനെ പറയാൻ കഴിയുമോ?’- സ്പോർട്സ് ടാക്കിനോട് ഗംഭീർ പറഞ്ഞു.
ഒരു കളിക്കാരനെയും ഒറ്റപ്പെടുത്താന്‍ പാടില്ല. എല്ലാവരും മോശം ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. ആരും, ക്രിക്കറ്റില്‍ പണ്ഡിറ്റുമാരില്ലെന്നും ഗംഭീർ കൂട്ടിച്ചേർത്തു. അതേസമയം അവസാന 10 ടെസ്റ്റ് ഇന്നിംഗ്സുകളില്‍, 25-ന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ കഴിയതാതെ 12.5 ശരാശരിയാണ് കെ.എല്‍ രാഹുല്‍ നേടിയത്. 8, 10, 12, 22, 23, 10, 2, 20, 17, 1 എന്നിങ്ങനെയാണ് രാഹുലിന്റെ സ്‌കോറുകള്‍. പ്ലെയിംഗ് ഇലവനില്‍ ശുഭ്മാന്‍ ഗില്ലിനെ ഉള്‍പ്പെടുത്തണമെന്ന ശക്തമായ ആവശ്യവും ഈ സാഹചര്യത്തില്‍ ഉയരുന്നുണ്ട്.