Cricket Sports

തീരുമാനമെടുക്കാനുമുള്ള സ്ഥാനത്ത് ഞാനെത്തിക്കഴിഞ്ഞു; ധോണിയുടെ കാര്യത്തില്‍ ഗാംഗുലി പറയുന്നതിങ്ങനെ…

ഇംഗ്ലണ്ട് ലോകകപ്പില്‍ പുറത്തായ ശേഷം മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിങ് ധോണി ഇന്ത്യക്കായി പാഡ് കെട്ടിയിട്ടില്ല. ധോണിയുടെ തിരിച്ചുവരവിനെക്കുറിച്ച് പല അഭ്യൂഹങ്ങളും അഭിപ്രായങ്ങളും പൊട്ടിപുറപ്പെട്ടു. എങ്കിലും ധോണി ഈ ചരടുവലികളിലെല്ലാം നിശബ്ദനായിരുന്നു.

എന്നാല്‍ മുന്‍ ഇന്ത്യന്‍ നായകനും നിയുക്ത ബി.സി.സി.ഐ പ്രസിഡന്‍റുമായ സൌരവ് ഗാംഗുലി ഇനി ധോണിയുടെ കാര്യത്തില്‍ തീരുമാനമെടുക്കും. ഈ മാസം 23ന് ഔദ്യോഗികമായി ചുമതലയേല്‍ക്കാനൊരുങ്ങുന്ന ഗാംഗുലി ഇരുപത്തിനാലിന് തന്നെ സെലക്ടര്‍മാരുമായി സംസാരിച്ച് ധോണിയുടെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് അറിയിച്ചു. ഇക്കാര്യത്തില്‍ സെലക്ടര്‍മാരുടെ അഭിപ്രായത്തിനൊപ്പം ധോണിക്ക് എന്താണ് പറയാനുള്ളതെന്നും അറിയണമെന്നും അദ്ദേഹം പറഞ്ഞു.

‘ഭാവി പദ്ധതികളെ കുറിച്ച് ധോണിയുമായി സംസാരിക്കും. ഇതുവരെ ഞാന്‍ ചിത്രത്തിലില്ലായിരുന്നു. അതുകൊണ്ടുതന്നെ എല്ലാ കാര്യങ്ങളിലും അത്ര വ്യക്തതയുണ്ടായിരുന്നില്ല. ഇപ്പോള്‍ ഇതേക്കുറിച്ചെല്ലാം കൂടുതലറിയാനും തീരുമാനമെടുക്കാനുമുള്ള സ്ഥാനത്ത് ഞാനെത്തിക്കഴിഞ്ഞു. ഇനി മുന്നോട്ടുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കും.’ ഗാംഗുലി പ്രതികരിച്ചു