ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലിയ്ക്കും ജനറൽ സെക്രട്ടറി ജയ് ഷായ്ക്കും തൽസ്ഥാനത്ത് തുടരാമെന്ന് സുപ്രിം കോടതി. സുപ്രിംകോടതി തന്നെ രൂപീകരിച്ച ലോധ കമ്മറ്റിയുടെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമാണ് ഇത്. അതുകൊണ്ട് തന്നെ ജയ് ഷായ്ക്കും സൗരവ് ഗാംഗുലിയ്ക്കും മൂന്ന് വർഷം കൂടി തൽസ്ഥാനത്ത് തുടരാം.
നീതിന്യായ വകുപ്പിൻ്റെ ഇടപെടൽ കൊണ്ടല്ല, ഭരണ നടത്തിപ്പ് കൊണ്ടാണ് ഇന്ത്യൻ ക്രിക്കറ്റ് വിജയകരമായി മുന്നോടുപോകുന്നതെന്ന് കോടതി നിരീക്ഷിച്ചു. ബിസിസിഐയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിസമ്മതിച്ചു.
ബിസിസിഐ ഭരണസ്ഥാനത്ത് 3 വർഷം പൂർത്തീകരിച്ചാൽ കൂളിങ്ങ് ഓഫ് പീരിയഡ് വേണമെന്നായിരുന്നു ലോധ കമ്മറ്റിയുടെ നിർദ്ദേശം. എന്നാൽ, ഈ കൂളിങ്ങ് ഓഫ് പീരിയഡ് നീക്കണമെന്നാണ് ബിസിസിഐ ആവശ്യപ്പെട്ടത്. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. 2019ലാണ് നിലവിലെ ഭരണസമിതി തെരഞ്ഞെടുക്കപ്പെടത്.
അതേസമയം, ബിസിസിഐ ഭരണസമിതിയിലെ 67 വയസ് നിബന്ധന നീക്കാൻ കോടതി തയ്യാറായില്ല. 75 വയസിനു മുകളിലുള്ളവർ ഇംഗ്ലണ്ട്, ഓസ്ട്രേലിയ ക്രിക്കറ്റ് ബോർഡുകൾ ഭരിക്കുന്നത് നിങ്ങൾ കാണുന്നുണ്ടോ എന്നായിരുന്നു കോടതിയുടെ ചോദ്യം.