Cricket Sports

ആ റെക്കോര്‍ഡ് ഇന്നും ദാദക്ക് സ്വന്തം

ഇനി എല്ലാ കണ്ണുകളും ഇംഗ്ലണ്ടിന്റെ പുല്‍മൈതാനത്തേക്കാണ്. ക്രിക്കറ്റ് ലോകകപ്പിന് ഇനി ആഴ്ച്ചകള്‍ മാത്രം. ശക്തമായ ടീമുമായി കോഹ്‍ലിയുടെ നേത്യത്വത്തില്‍ ഇന്ത്യ അങ്കത്തിന് ഒരുങ്ങി കഴിഞ്ഞു. എന്നാല്‍ ലോകകപ്പ് ചരിത്രത്തിലേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ ഇന്നും ഇളക്കം തട്ടാത്തൊരു റെക്കോര്‍ഡുണ്ട്, ഇന്ത്യക്കാരുടെ സ്വന്തം ദാദയുടെ പേരില്‍.

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്കാരന്റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ ഇന്നും സൌരവ് ഗാംഗുലിയുടെ പേരിലാണ്. 1999 ലോകകപ്പില്‍ ശ്രീലങ്കയ്ക്കെതിരെ 183 റണ്‍സാണ് ദാദ അന്ന് അടിച്ചെടുത്തത്. ആദ്യ മൂന്ന് മത്സരങ്ങളില്‍ രണ്ടിലും തോറ്റ ഇന്ത്യയ്ക്ക് നിര്‍ണായകമായിരുന്നു ശ്രീലങ്കയ്ക്കെതിരായ മത്സരം.

ആദ്യ ഓവറില്‍ തന്നെ സദഗോപന്‍ രമേശിന്റെ വിക്കറ്റ് നഷ്ടമായതോടെ ഇന്ത്യ മറ്റൊരു ദുരന്തം കൂടി മുന്നില്‍ കണ്ടു. എന്നാല്‍ ഗാംഗുലിക്കൊപ്പം രാഹുല്‍ ദ്രാവിഡ് കൂടി ചേര്‍ന്നതോടെ കളിമാറി, ചാമിന്ദവാസും മുത്തയ്യ മുരളീധരനും അടങ്ങിയ ദ്വീപ് ബൌളര്‍മാര്‍ക്ക് മേല്‍ ഓഫ്സൈഡിന്റെ രാജകുമാരന്‍‌ സംഹാര താണ്ഡവമാടി.

പന്ത് നിലം തൊടാതെ പറന്നത് ഏഴ് തവണ, 17 ബൌണ്ടറികളുടെ കൂടെ അകമ്പടിയോടെ 158 പന്തില്‍ 183 റണ്‍സ്, 145 റണ്‍സുമായി ദ്രാവിഡും ഉറച്ച പിന്തുണ നല്‍കിയതോടെ ലോകകപ്പിലെ ഏറ്റവും മികച്ച കൂട്ടുകെട്ടായ 318 റണ്‍സ് ടോണ്ടന്‍ കൌണ്ടി സ്റ്റേഡിയത്തില്‍ പിറന്നു. 16 വര്‍ഷത്തിനിപ്പുറം 2015ല്‍ ഗെയിലും സാമുവല്‍സും ചേര്‍ന്നാണ് ഈ റെക്കോര്‍ഡ് തിരുത്തിയത്‌.