ഐ.പി.എല്‍ നടക്കുന്ന സമയങ്ങളില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളില്‍ ഇന്ത്യ കളിക്കാറില്ല. സമാനമായ പരിഗണന രഞ്ജി ട്രോഫി ഫൈനലിനെങ്കിലും വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്…
പ്രഥമ പരിഗണന രാജ്യത്തിനെന്ന നയത്തിന്റെ അടിസ്ഥാനത്തില്‍ രവീന്ദ്ര ജഡേജയെ രഞ്ജി ഫൈനല്‍ കളിക്കാന്‍ അനുമതി നല്‍കില്ലെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കി. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ നല്‍കിയ രവീന്ദ്ര ജഡേജയെ ഫൈനലില്‍ കളിപ്പിക്കാന്‍ അനുവദിക്കണമെന്ന അപേക്ഷയിലാണ് ഗാംഗുലിയുടെ തീരുമാനം. അതേസമയം സൗരാഷ്ട്രക്കുവേണ്ടി ചേതേശ്വര്‍ പുജാരയും ബംഗാളിനുവേണ്ടി വൃദ്ധിമാന്‍ സാഹയും കളിക്കാനിറങ്ങും.
മാര്‍ച്ച് 12നാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന മത്സരം. രഞ്ജി ട്രോഫി ഫൈനലാകട്ടെ മാര്‍ച്ച് ഒമ്പതിന് ആരംഭിക്കുകയും ചെയ്യും. ഇന്ത്യയിലെ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളിലെ ഏറ്റവും പ്രധാന ടൂര്‍ണ്ണമെന്റായ രഞ്ജി ട്രോഫി ഫൈനലിലെങ്കിലും അന്താരാഷ്ട്ര താരങ്ങളെ വിട്ടുകിട്ടാത്തതിലുള്ള നിരാശ എസ്.സി.എ പ്രസിഡന്റ് ജയ്‌ദേവ് ഷാ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
രാജ്യത്തിന് പ്രഥമ പ്രാധാന്യമെന്ന നയത്തെ അടിസ്ഥാനമാക്കിയാണ് ജഡേജയെ വിട്ടുകിട്ടണമെന്ന എസ്.സി.എ അപേക്ഷ ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി തള്ളിയത്. അതേസമയം അന്താരാഷ്ട്ര മത്സരങ്ങളുടെ തിയതികള്‍ തീരുമാനിക്കുമ്പോള്‍ രഞ്ജി ട്രോഫി ഫൈനല്‍ പോലുള്ള പ്രധാനപ്രാദേശിക മത്സരങ്ങള്‍ കൂടി കണക്കിലെടുക്കണമെന്ന ആവശ്യവും ജയ്‌ദേവ് ഷാ മുന്നോട്ടുവെച്ചിട്ടുണ്ട്.
പ്രാദേശിക ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് കൂടുതല്‍ ജനപ്രീതി ലഭിക്കണമെങ്കില്‍ അന്താരാഷ്ട്ര താരങ്ങള്‍ കളിക്കാനിറങ്ങണം. ഐ.പി.എല്‍ നടക്കുന്ന സമയങ്ങളില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളില്‍ ഇന്ത്യ കളിക്കാറില്ല. ഐ.പി.എല്ലില്‍ നിന്നും പണം ലഭിക്കും. അത്രത്തോളം വരുമാനം ലഭിക്കില്ലെങ്കിലും രഞ്ജി ട്രോഫി ജനപ്രിയമാകണമെങ്കില്‍ പ്രധാന താരങ്ങള്‍ക്ക് ഫൈനലിലെങ്കിലും കളിക്കാനാകണമെന്നാണ് മുന്‍ സൗരാഷ്ട്ര ക്യാപ്റ്റന്‍ കൂടിയായ ജയ്‌ദേവ്ഷാ അഭിപ്രായപ്പെട്ടത്.
ഗുജറാത്തിനെ 91 റണ്‍സിന് തോല്‍പിച്ചാണ് സൗരാഷ്ട്ര സെമി ഫൈനലിലെത്തിയത്. കഴിഞ്ഞവര്‍ഷം വിദര്‍ഭയോടാണ് സൗരാഷ്ട്ര ഫൈനലില്‍ തോറ്റത്. 13 വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് ബംഗാള്‍ രഞ്ജി ട്രോഫി ഫൈനല്‍ കളിക്കാനിറങ്ങുന്നത്.