ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക് തിരിച്ചെത്തി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. നടൻ ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള ടീമിന്റെ മെന്ററായി ഗംഭീറിനെ നിയമിച്ചു. 2012ലും 2014ലും കെകെആറിനെ ഐപിഎൽ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനായിരുന്നു ഗംഭീർ.
കെകെആർ വിട്ടതിന് ശേഷം, കഴിഞ്ഞ രണ്ട് സീസണുകളായി ഗംഭീർ ലഖ്നൗ സൂപ്പർജയന്റ്‌സിന്റെ ഉപദേശകനായിരുന്നു. രണ്ട് സീസണുകളിലും പ്ലേ ഓഫിൽ എത്തിയിട്ടും ലഖ്നൗവിന് മുന്നേറാനായില്ല. ഇതോടെയാണ് മുൻ ഓസ്‌ട്രേലിയൻ ഓപ്പണറും ടി20 ലോകകപ്പ് ജേതാവുമായ ജസ്റ്റിൻ ലാംഗറിനെ ടീം പരിശീലകനായി നിയമിച്ചത്.
സഞ്ജീവ് ഗോയങ്കയുടെ ഉടമസ്ഥതയിലുള്ള ടീം ലാംഗർ വന്നതോടെ ഗംഭീറിന്റെ വിടവാങ്ങൽ അനിവാര്യമായി മാറി. ഗംഭീർ ബോളിവുഡ് സൂപ്പർസ്റ്റാറുമായി മുംബൈയിലെ വീട്ടിൽ നടത്തിയ കൂടിക്കാഴ്ചയും താരം ടീം വിടുമെന്ന അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി. എന്നിരുന്നാലും ഈ വാർത്ത താരവും എൽഎസ്ജിയും നിഷേധിച്ചിരുന്നു.
ഇതിനെല്ലാം ഒടുവിലാണ് ഇപ്പോൾ ഔദ്യോഗിക സ്ഥിരീകരണം വന്നിരിക്കുന്നത്. മുഖ്യ പരിശീലകൻ ചന്ദ്രകാന്ത് പണ്ഡിറ്റിനൊപ്പം ഗംഭീർ പ്രവർത്തിക്കുമെന്ന് കെകെആർ സിഇഒ വെങ്കി മൈസൂർ അറിയിച്ചു. വികാരഭരിതമായ കുറിപ്പോടെയാണ് ഗംഭീർ ലഖ്നൗവിൽ നിന്ന് വിടവാങ്ങുന്നത്. ലഖ്നൗ സൂപ്പർ ജയന്റ്സിനൊപ്പമുള്ള യാത്രയ്ക്ക് അവസാനമാകുന്നതായി ഗംഭീർ ട്വീറ്റ് ചെയ്തു. ഈ യാത്ര അവിസ്മരണീയമാക്കിയ താരങ്ങൾക്കും പരിശീലകനും മറ്റ് അംഗങ്ങൾക്കും നന്ദി. ലഖ്നൗവിന് എല്ലാ ആശംസകളും നേരുന്നതായും ഗംഭീർ പറഞ്ഞു.