ഇന്ത്യയുടെ മുന്‍ ഓപണര്‍ ഗൗതം ഗംഭീറിനെതിരെ രൂക്ഷമായ വിമര്‍ശങ്ങളുമായി പാക് മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഷഹീദ് അഫ്രീദി. തന്റെ ആത്മകഥയായ ‘ഗെയിം ചെയ്ഞ്ചര്‍’ ലാണ് അഫ്രീദി ഗംഭീറിനെതിരെ ആഞ്ഞടിച്ചിരിക്കുന്നത്. വ്യക്തിത്വമില്ലാത്തയാളെന്നും നെഗറ്റീവ് മനോഭാവമുള്ളയാളെന്നുമൊക്കെയാണ് ഗംഭീറിനെ പുസ്തകത്തില്‍ അഫ്രീദി വിശേഷിപ്പിച്ചിരിക്കുന്നത്.
അഫ്രീദിയും ഗംഭീറും തമ്മിലുള്ള കളിക്കളത്തിലെ ശത്രുത നേരത്തേ പ്രസിദ്ധമാണ്. കളിക്കളത്തില്‍ തീരുന്നതല്ല ആ ശത്രുതയെന്നാണ് തന്റെ ആത്മകഥയിലൂടെ അഫ്രീദി പ്രഖ്യാപിച്ചിരിക്കുന്നത്. ‘ചില ശത്രുതകള്‍ തികച്ചും പ്രൊഫഷണലാണ്. എന്നാല്‍ മറ്റു ചിലതാകട്ടെ വ്യക്തിപരവും. അത്തരത്തിലുള്ള ഒന്നാണ് ഗംഭീറുമായുള്ളത്. ഗംഭീര്‍ കാര്യങ്ങളെ നോക്കിക്കാണുന്ന രീതി ശരിയല്ല, സ്വന്തമായി വ്യക്തിത്വമില്ലാത്തയാളാണ് അയാള്‍. പ്രത്യേകിച്ച് റെക്കോഡുകളൊന്നും നേടാനായിട്ടില്ലെങ്കിലും കുപ്രസിദ്ധി നിരവധിയുണ്ട്’ എന്നിങ്ങനെ പോകുന്നു അഫ്രീദിയുടെ ആരോപണങ്ങള്‍.
‘ഡോണ്‍ ബ്രാഡ്മാന് ജെയിംസ് ബോണ്ടിലുണ്ടായ കുഞ്ഞെന്ന പോലെയാണ് പലപ്പോഴും ഗംഭീറിന്റെ പെരുമാറ്റം. സന്തോഷത്തോടെയുള്ള പോസിറ്റീവ് ചിന്താഗതിയുള്ള മനുഷ്യരെയാണ് എനിക്കിഷ്ടം. അവര്‍ പോരാട്ടവീര്യമുള്ളവരാണോ അത് പ്രകടിപ്പിക്കുന്നവരാണോ എന്നത് ഒരു പ്രശ്‌നമല്ല. പക്ഷേ നിങ്ങള്‍ക്ക് പോസിറ്റീവ് മനോഭാവം വേണം. ഗംഭീറിന് അതില്ല’ അഫ്രീദി ഗംഭീറിനെക്കുറിച്ച് എഴുതുന്നു.
കാണ്‍പൂരില്‍ 2007ല്‍ നടന്ന ഇന്ത്യ പാകിസ്താന്‍ ഏകദിനത്തിനിടെയാണ് ഗംഭീര്‍ അഫ്രീദി ശത്രുതയുടെ തുടക്കം. അക്കാര്യവും അഫ്രീദി ആത്മകഥയില്‍ ഓര്‍ക്കുന്നുണ്ട്.’2007 ഏഷ്യകപ്പിനിടെയായിരുന്ന ആ സംഭവം. സിംഗിളെടുക്കുന്നതിനിടെ ബൗളറായ എന്ന യാതൊരു പ്രകോപനവുമില്ലാതെ ഇടിക്കുകയായിരുന്നു. അമ്പയര്‍മാര്‍ ഇടപെട്ടില്ലെങ്കില്‍ ഞാന്‍ തന്നെ ആ പ്രശ്‌നം പരിഹരിക്കുമായിരുന്നു. പരസ്പരം ബന്ധുക്കളായ സ്ത്രീകളെ ലക്ഷ്യംവെച്ചുള്ള മോശം പ്രയോഗങ്ങളും നടന്നു’ അഫ്രീദി പുസ്തകത്തില്‍ പറയുന്നു.