Cricket Sports

ടീം ഇന്ത്യയുടെ അടുത്ത പരിശീലകന്‍ ആരാകും ? അപേക്ഷിച്ചവരില്‍ മുന്‍ ഇന്ത്യന്‍ താരവും…

ഇന്ത്യയുടെ വെസ്റ്റിന്‍ഡീസ് പര്യടനത്തോടെ മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിയുടെ കരാര്‍ കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ പുതിയ കോച്ച് ആരാകുമെന്ന ചോദ്യം ഉയര്‍ന്നു തുടങ്ങി. 2017 ലാണ് രവി ശാസ്ത്രി ഇന്ത്യയുടെ പരിശീലകനായി ചുമതലയേറ്റത്. ഇന്ത്യ ലോകകപ്പ് ഫൈനല്‍ കാണാതെ പുറത്തായതിനെ തുടര്‍ന്ന് പരിശീലകര്‍ക്കെതിരെ ആരാധകര്‍ തിരിഞ്ഞിരുന്നു. ഇതോടെ നീല കുപ്പായക്കാതെ ഇനി കളി പഠിപ്പിക്കാന്‍ പുതിയ പരിശീലകര്‍ക്കായി ബി.സി.സി.ഐ തിരച്ചില്‍ തുടങ്ങി.

എന്നാല്‍ ഇതിനോടകം പരിശീലകനാകാന്‍ സന്നദ്ധത അറിയിച്ച് ബി.സി.സി.ഐക്ക് അപേക്ഷകരുടെ കുത്തൊഴുക്കാണ്. ആരെ തിരഞ്ഞെടുക്കുമെന്ന ആശയക്കുഴപ്പത്തിലേക്കാണ് ബി.സി.സി.ഐ നീങ്ങുന്നതത്രേ. മുന്‍ ശ്രീലങ്കന്‍ നായകനും മുംബൈ ഇന്ത്യന്‍സിന്റെ പരിശീലകനുമായ മഹേല ജയവര്‍ധനെ, 2011 ലോകകപ്പില്‍ ഇന്ത്യയെ ജേതാക്കളാക്കിയ ഗ്യാരി കേഴ്സ്റ്റന്‍, മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്, മുന്‍ ഓസീസ് താരം ടോം മൂഡി തുടങ്ങിയവരാണ് ഇതുവരെ അപേക്ഷിച്ചവരില്‍ പ്രമുഖര്‍. ഇതില്‍ ഗ്യാരി കേഴ്‍സ്റ്റന്റെ കീഴില്‍ ഇന്ത്യ നിരവധി ട്രോഫികളില്‍ മുത്തമിട്ടിട്ടുണ്ട്. ഗ്രെഗ് ചാപ്പലിന് ശേഷം ടീം ഇന്ത്യക്ക് പുതു ഉണര്‍വ് നല്‍കിയ പരിശീലകനായിരുന്നു ഇദ്ദേഹം. കിങ്സ് ഇലവന്‍ പഞ്ചാബിന്റെ ഉപദേഷ്ടാവായിരുന്നെങ്കിലും പരിശീലകന്‍ എന്ന നിലയില്‍ സെവാഗിന് അധികമൊന്നും അവകാശപ്പെടാനില്ലാത്തത് തിരിച്ചടിയായേക്കും.