Cricket Sports

ഐപിഎൽ മെഗാ ലേലത്തിനു മുന്നോടിയായി ടീമുകൾക്ക് നിലനിർത്താവുന്നത് നാല് താരങ്ങളെയെന്ന് റിപ്പോർട്ട്

ഉടൻ നടക്കാനിരിക്കുന്ന ഐപിഎൽ മെഗാ ലേലത്തിനു മുന്നോടിയായി ടീമുകൾക്ക് നിലനിർത്താവുന്നത് നാല് താരങ്ങളെയെന്ന് റിപ്പോർട്ട്. പരമാവധി 3 ഇന്ത്യൻ താരങ്ങളെയും രണ്ട് വിദേശികളെയുമാണ് നിലനിർത്താൻ അനുവാദമുള്ളത്. രാജ്യാന്തര മത്സരം കളിച്ചിട്ടില്ലാത്ത താരങ്ങളിൽ പരമാവധി രണ്ട് പേരെ നിലനിർത്താനാണ് അനുമതിയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ക്രിക്ക്‌ബസ് ആണ് വാർത്ത പുറത്തുവിട്ടത്. (four retention IPL auction)

90 കോടി രൂപയാണ് മെഗാ ലേലത്തിൽ ഒരു ഫ്രാഞ്ചൈസിക്ക് ചെലവഴിക്കാവുന്ന പരമാവധി തുക. അടുത്ത രണ്ട് വർഷത്തിൽ 5 കോടി രൂപ വീതം വർധിപ്പിച്ച് ഈ തുക 100 കോടിയാക്കും. 4 താരങ്ങളെ നിലനിർത്തുന്ന ഫ്രാഞ്ചൈസികൾക്ക് ആകെ തുകയുടെ 40-45 ശതമാനം (35-40 കോടി രൂപ) കുറവ് തുകയേ ലേലത്തിൽ ഉപയോഗിക്കാനാവൂ. ആർടിഎം ഉണ്ടാവില്ല. പുതിയ രണ്ട് ടീമുകൾക്ക് ലേലത്തിനു പുറത്ത് 2-3 താരങ്ങളെ സൈൻ ചെയ്യാം. മികച്ച ഇന്ത്യൻ താരങ്ങൾ ലഭ്യമല്ലെങ്കിൽ പരമാവധി രണ്ട് വിദേശ താരങ്ങളെയും ലേലത്തിൽ അല്ലാതെ പുതിയ ഫ്രാഞ്ചൈസികൾക്ക് സൈൻ ചെയ്യാം. ഒക്ടോബർ 25നാണ് വരുന്ന സീസണിലെ പുതിയ ടീമുകളെ ബിസിസിഐ പ്രഖ്യാപിക്കുക. ഇതിനു പിന്നാലെ ഇക്കാര്യങ്ങളിൽ വ്യക്തത വരുമെന്നും ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, ഇന്ത്യൻ പ്രീമിയർ ലീഗിൽ ഫ്രാഞ്ചൈസി സ്വന്തമാക്കാൻ ബിഡ് സമർപ്പിച്ചിരിക്കുന്നത് വമ്പന്മാരാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമകളായ ഗ്ലേസേഴ്സ് ഫാമിലി, ബോളിവുഡ് താര ദമ്പതിമാരായ ദീപിക പദുക്കോൺ-രൺവീർ സിംഗ് എന്നിവർ അടക്കം പ്രമുഖരാണ് ഐപിഎൽ ഫ്രാഞ്ചൈസിക്കായി രംഗത്തുള്ളത്. പുതിയ ഫ്രാഞ്ചൈസിക്കായുള്ള ടെൻഡർ ഗ്ലേസർ ഫാമിലി വാങ്ങിയിട്ടുണ്ടെന്നാണ് വിവരം. എന്നാൽ, ഐപിഎൽ ഫ്രാഞ്ചൈസി സ്വന്തമാക്കണമെങ്കിൽ ഇന്ത്യയിൽ കമ്പനി ഉണ്ടാവണമെന്ന വ്യവസ്ഥയുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയിൽ അവർ കമ്പനി തുടങ്ങുമോ എന്നത് ചോദ്യ ചിഹ്നമായി നിൽക്കുകയാണ്. ഗ്ലേസർ ഫാമിലിയെ കൂടാതെ ഫോർമുല 1ൻ്റെ ഉടമസ്ഥരായിരുന്ന സിവിസി പാർട്ണേഴ്സ്, സിംഗപ്പൂർ ആസ്ഥാനമാക്കിയുള്ള പ്രൈവറ്റ് ഇക്വിറ്റി കമ്പനി എന്നിവരാണ് ടെൻഡർ വാങ്ങിയവരിലെ വിദേശികൾ. അദാനി ഗ്രൂപ്പ്, ആർപിഎസ്ജി ഗ്രൂപ്പ്, ജിൻഡാൽ പവർ ആൻഡ് സ്റ്റീൽ, കൊടാക് ഗ്രൂപ്പ്, റോണി സ്ക്രൂവാല, ഹിന്ദുസ്താൻ ടൈംസ് മീഡിയ എന്നിവരടക്കം 18ഓളം കമ്പനികൾ രണ്ട് ഫ്രാഞ്ചൈസികൾക്കായി രംഗത്തുണ്ട്. ഈ മാസം അവസാന ആഴ്ച പുതിയ ഫ്രാഞ്ചൈസികൾക്കായുള്ള ലേലം നടക്കുമെന്നാണ് റിപ്പോർട്ട്.