Cricket Sports

കോലി പലപ്പോഴും മോശം താരങ്ങളെ പിന്തുണച്ചു; ഒറ്റക്ക് തീരുമാനം എടുത്തു: ആരോപണവുമായി മുൻ പരിശീലകൻ

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ മോശം പ്രകടനങ്ങൾക്ക് കാരണം നായകൻ വിരാട് കോലിയുടെ തെറ്റായ തീരുമാനങ്ങളെന്ന് മുൻ പരിശീലകൻ റേ ജെന്നിങ്‌സ്. മോശം താരങ്ങളെയാണ് കോലി പലപ്പോഴും പിന്തുണച്ചിരുന്നതെന്നും ഒറ്റക്കാണ് തീരുമാനങ്ങൾ എടുത്തിരുന്നതെന്നും ജെന്നിങ്സ് കുറ്റപ്പെടുത്തി. ക്രിക്കറ്റ്ഡോട്ട്കോമിനു നൽകിയ അഭിമുഖത്തിലാണ് ജെന്നിങ്സിൻ്റെ ആരോപണം.

“തിരിഞ്ഞു നോക്കുമ്പോൾ ഐപിഎൽ ടീമില്‍ 20-25 താരങ്ങളെയാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഇവരുടെ കാര്യത്തിൽ പരിശീലകനാണ് തീരുമാനം എടുക്കേണ്ടത്. എന്നാല്‍, കോലി ചിലപ്പോഴൊക്കെ ഒറ്റക്ക് തീരുമാനങ്ങളെടുത്തു. പലപ്പോഴും മോശം താരങ്ങളെ പിന്തുണച്ചു. പക്ഷേ, അതിൽ അദ്ദേഹത്തെ കുറ്റപ്പെടുത്താനാവില്ല. സന്ദര്‍ഭത്തിനും സാഹചര്യത്തിനും അനുസരിച്ച് ഞാന്‍ ടീമിനെ തിരഞ്ഞെടുക്കുമ്പോള്‍ മറ്റൊരു പദ്ധതിയാണ് കോലിക്കുണ്ടാവുക. ചില താരങ്ങളെ പ്രത്യേകമായി ഞാൻ കളിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ, അവരെ കോലി പരിഗണിച്ചതേയില്ല. കോലി ബാംഗ്ലൂർ ക്യാപ്റ്റനായ 2013ൽ അദ്ദേഹത്തെ നയിക്കാന്‍ ആരെങ്കിലും ഒപ്പം വേണമായിരുന്നു.”- അദ്ദേഹം ആരോപിച്ചു.

എന്നാൽ, കഴിഞ്ഞ കുറച്ച് വർഷങ്ങളിലായി കോലി ഏറെ മെച്ചപ്പെട്ടു എന്നും ഏറെ വൈകാതെ ആർസിബിക്ക് വേണ്ടി അദ്ദേഹം ഐപിഎൽ കിരീടം നേടുമെന്നും അദ്ദേഹം പറഞ്ഞു. വളരെ മികച്ച താരമാണ് കോലി. പെട്ടെന്ന് കാര്യങ്ങള്‍ പഠിക്കും. ആര്‍സിബിയെ പ്ലേ ഓഫിലും സെമിയിലും കോലി എത്തിച്ചിട്ടുണ്ട്. വിശ്വസിക്കാനാവാത്ത ക്രിക്കറ്റ് ബുദ്ധിയുള്ള താരമാണ് അദ്ദേഹം. ഇപ്പോള്‍ ഓരോ ദിവസവും പക്വതയോടെ മുന്നോട്ട് പോകുന്ന അദ്ദേഹത്തെ കാണുമ്പോള്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2009-2014വരെയാണ് ജെന്നിങ്‌സ് ആര്‍സിബിയെ പരിശീലിപ്പിച്ചത്.

ഈ മാസം 19നാണ് ഐപിഎൽ ആരംഭിക്കുക. കഴിഞ്ഞ സീസണിൽ ഫൈനൽ കളിച്ച ചെന്നൈ സൂപ്പർ കിംഗ്, മുംബൈ ഇന്ത്യൻസ് എന്നീ ടീമുകൾ തമ്മിലാണ് ഉദ്ഘാടന പോരാട്ടം.