Cricket Sports

‘കുറച്ചെങ്കിലും ഉത്തരവാദിത്തം കാണിക്കണം’; ഋഷഭ് പന്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ താരങ്ങൾ

ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ താരങ്ങൾ. ദക്ഷിണാഫ്രിക്കക്കെതിരെ മോശം ഷോട്ട് കളിച്ച് പുറത്തായ താരത്തിനെതിരെ ഗൗതം ഗംഭീറും സുനിൽ ഗവാസ്കറും രംഗത്തെത്തി. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്സിൽ റബാഡയെ ബൗണ്ടറിയ്ക്ക് പുറത്തേക്ക് പറത്താൻ ശ്രമിച്ച പന്ത് റൺസൊന്നും എടുക്കാതെ പുറത്തായിരുന്നു. ഇതിനു പിന്നാലെയാണ് താരത്തിനെതിരെ രൂക്ഷ വിമർശനം ഉണ്ടായത്.

ഏകദിനത്തിൽ ഇങ്ങനെയൊരു ഷോട്ട് കളിച്ചിരുന്നെങ്കിൽ ഇത്ര വിമർശനം ഉണ്ടാവില്ലായിരുന്നു എന്ന് ഗംഭീർ പറഞ്ഞു. എന്നാൽ ടെസ്റ്റിൽ ആ ഷോട്ട് കളിച്ചത് വിഡ്ഢിത്തമാണ് എന്നും ഗംഭീർ പറഞ്ഞു. പന്ത് കുറച്ചെങ്കിലും ഉത്തരവാദിത്വം കാണിക്കണം എന്നാണ് ഗാവസ്‌കർ പ്രതികരിച്ചത്. ക്രീസിൽ രണ്ട് പുതിയ ബാറ്റ്‌സ്മാന്മാർ നിൽക്കുന്ന സമയത്ത് അങ്ങനെ ഒരു ഷോട്ട് കളിച്ചതിൽ ഒരു ഒഴികഴിവും പറയാനാവില്ല. സ്വതസിദ്ധമായ ശൈലിയാണെന്ന് പറയരുതെന്നും ഗവാസ്കർ കൂട്ടിച്ചേർത്തു.

ഗാബയിലെ അവിസ്മരണീയ ഇന്നിംഗ്സിനു ശേഷം ഋഷഭ് പന്ത് മോശം ഫോമിലാണ് കളിക്കുന്നത്. അവസാന 13 ടെസ്റ്റ് ഇന്നിംഗ്സുകളിൽ നിന്ന് ഒരേയൊരു ഫിഫ്റ്റിയാണ് താരത്തിനുള്ളത്. റൺസ് എടുക്കുന്നില്ല എന്നതിനപ്പുറം പന്ത് പുറത്താവുന്ന രീതിയാണ് വിമർശനങ്ങൾക്ക് വിധേയമാകുന്നത്. അലക്ഷ്യമായ ഷോട്ടുകൾ കളിച്ചാണ് താരം മിക്ക കളിയിലും പുറത്തായിട്ടുള്ളത്.

മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കാണ് മുൻതൂക്കം. രണ്ട് ദിവസങ്ങൾ കൂടി കൂടി ശേഷിക്കെ 122 റൺസാണ് അവരുടെ വിജയലക്ഷ്യം. 8 വിക്കറ്റുകളും അവർക്ക് ബാക്കിയുണ്ട്. കീഗൻ പീറ്റേഴ്സൺ (28), എയ്ഡൻ മാർക്രം (31) എന്നിവർ പുറത്തായി. ഡീൻ എൽഗർ (46), റസ്സി വാൻ ഡർ ഡസ്സൻ (11) എന്നിവരാണ് ക്രീസിൽ. മൂന്നാം ദിനം മഴ ആയതിനാൽ ഇതുവരെ കളി ആരംഭിച്ചിട്ടില്ല.