കരുത്തരുടെ ഐ.എസ്.എൽ പോരാട്ടം സമനിലയിൽ. ആതിഥേയരായ എഫ്.സി ഗോവയും ബംഗളൂരു എഫ്.സിയും രണ്ട് ഗോളുകളിച്ച് സമനിലയില്‍ പിരിഞ്ഞു. രണ്ട് ഗോളിന് പിറകിലായ ഗോവ സമനില പിടിച്ച് കളി രക്ഷിച്ചെടുക്കുകയായിരുന്നു. 66ാം മിനിട്ടു വരെ രണ്ട് ഗോളിന് പിന്നിൽ നിന്ന ഗോവ ഇഗോർ അംഗുലോയുടെ ഇരട്ട ഗോളിൽ സമനില പിടിച്ചെടുക്കുകയായിരുന്നു.
27ാം മിനിട്ടിൽ ഹെഡ്ഡറിലൂടെ ക്ലെയ്റ്റൺ സിൽവയാണ് ബംഗളൂരുവിനെ മുന്നിലെത്തിച്ചത്. ഹർമൻജോത് സിങ് ഖബ്രയുടെ ത്രോ ക്ലിയർ ചെയ്യുന്നതിൽ ഗോവ പ്രതിരോധത്തിന് സംഭവിച്ച പിഴവാണ് ഗോളിന് വഴിയൊരുക്കിയത്. ഗോവ ബോക്‌സിലേക്ക് നീണ്ട പന്ത് ആരും മാർക്ക് ചെയ്യാതിരുന്ന സിൽവ അനായാസം വലയിലെത്തിച്ചു. 57ാം മിനിട്ടിൽ യുവാൻ അന്റോണിയോ ഗോൺസാലസാണ് ബംഗളൂരുവിന്റെ രണ്ടാം ഗോൾ നേടിയത്. ദെഷോൺ ബ്രൗൺ ബോക്‌സിലേക്ക് ഉയർത്തി നൽകിയ പന്ത് എറിക് പാർത്താലു ഹെഡ്ഡ് ചെയ്ത് യുവാന് മറിച്ച് നൽകുകയായിരുന്നു. ഉഗ്രനൊരു വോളിയിലൂടെ യുവാൻ പന്ത് വലയിലിട്ടു.
പകരക്കാരെ ഇറക്കി തൊട്ടടുത്ത മിനിട്ടിൽ (66) തന്നെ ഇഗോർ അംഗുലോയിലൂടെ ഗോവ ഒരു ഗോൾ മടക്കി. നൊഗ്വേരയുടെ പാസിൽ നിന്നായിരുന്നു ഗോൾ. മൂന്ന് മിനിട്ടിനുള്ളിൽ അംഗുലോ തന്റെ രണ്ടാം ഗോളും വലയിലാക്കി ഗോവ മത്സരം രക്ഷിച്ചെടുക്കുകയായിരുന്നു.