ടി-20യിൽ ഒരു ഇന്ത്യൻ താരത്തിൻ്റെ ഏറ്റവും വേഗമേറിയ ഫിഫ്റ്റി എന്ന റെക്കോർഡ് ഇനി റെയിൽവേയ്സിൻ്റെ മധ്യനിര താരം അശുതോഷ് ശർമയ്ക്ക്. 2007 ടി-20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ 12 പന്തിൽ ഫിഫ്റ്റി നേടിയ യുവരാജ് സിംഗിൻ്റെ റെക്കോർഡാണ് അശുതോഷ് തകർത്തത്. കഴിഞ്ഞ ദിവസം നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ അരുണാചൽ പ്രദേശിനെതിരെ വെറും 11 പന്തുകളിൽ അശുതോഷ് ഫിഫ്റ്റി തികച്ചു.
15 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് എന്ന നിലയിലാണ് അശുതോഷ് ക്രീസിലെത്തിയത്. പിന്നീട് 12 പന്തിൽ 8 സിക്സും ഒരു ബൗണ്ടറിയും സഹിതം 53 റൺസെടുത്താണ് താരം മടങ്ങിയത്. 11 പന്തിൽ ഫിഫ്റ്റി തികച്ച താരം അടുത്ത പന്തിൽ പുറത്തായി. അശുതോഷിൻ്റെ വിസ്ഫോടനാത്മക പ്രകടനത്തിൻ്റെ ബലത്തിൽ അവസാന അഞ്ച് ഓവറിൽ 115 റൺസ് നേടിയ റെയിൽവേയ്സ് 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 246 റൺസ് ആണ് നേടിയത്. തുടർന്ന് അരുണാചൽ പ്രദേശിലെ 119 റൺസിന് എറിഞ്ഞിട്ട അവർ 127 റൺസിനു വിജയിക്കുകയും ചെയ്തു.
ക്രിക്കറ്റ് ചരിത്രത്തിലെ അതിവേഗ ഫിഫ്റ്റി എന്ന റെക്കോർഡും യുവരാജിനു നഷ്ടമായിരുന്നു. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ നേപ്പാൾ താരം ദീപേന്ദ്ര സിംഗ് അയ്രിയാണ് യുവിയുടെ റെക്കോർഡ് പഴങ്കഥയാക്കിയത്. കഴിഞ്ഞ മാസം മംഗോളിയക്കെതിരെ ഏഷ്യൻ ഗെയിംസ് ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ വെറും 9 പന്തിലാണ് ദീപേന്ദ്ര സിംഗ് റെക്കോർഡ് കുറിച്ചത്.