തോല്‍വിയറയാതെ കുതിക്കുകയായിരുന്ന ടീം ഇന്ത്യക്കേറ്റ പ്രഹരമായിരുന്നു ന്യൂസിലാന്‍ഡിനെതിരെ നാലാം ഏകദിനത്തിലുണ്ടായത്. എട്ട് വിക്കറ്റിന് ജയിച്ച ന്യൂസിലാന്‍ഡ് ആശ്വാസ ജയം കണ്ടെത്തിയപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ നിരാശയിലായിരുന്നു. എന്നാല്‍ അവര്‍ തങ്ങളുടെ അരിശം തീര്‍ത്തത് മുന്‍ ഇംഗ്ലണ്ട് താരം മൈക്കിള്‍ വോണിന്റെ ട്വീറ്റിന്മേലാണ്. ഇന്ത്യയെ ഒന്ന് കൊട്ടിയായിരുന്നു വോണിന്റെ ട്വീറ്റ്. ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യ 92ല്‍ പുറത്തായതിന് പിന്നാലൊയിരുന്നു വോണിന്റെ ട്വീറ്റ്.
92ല്‍ ഇന്ത്യ പുറത്തായിരിക്കുന്നു, ഇന്നത്തെ കാലത്ത് ഒരു ടീം 100 റണ്‍സ് കണ്ടെത്താനാവാതെ പുറത്തായി എന്നത് വിശ്വസിക്കാനാവുന്നില്ല എന്നായിരുന്നു വോണിന്റെ ട്വീറ്റ്. എന്നാല്‍ ആ ട്വീറ്റ് വോണിന് തന്നെ വന്‍ തിരിച്ചടിയായി. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് വിന്‍ഡീസിനെതിരായ ടെസ്റ്റില്‍ ഇംഗ്ലണ്ട് തോറ്റമ്പിയത്. ആ മത്സരത്തില്‍ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സില്‍ പുറത്തായത് 77 റണ്‍സിനായിരുന്നു. ഇത് ഓര്‍മിപ്പിച്ചാണ് ഇന്ത്യന്‍ ആരാധകര്‍ കടുത്ത ട്രോളുകളുമായി വോണിനെ നേരിട്ടത്. ഇന്നത്തെ കാലത്ത് എന്ന് പറയുമ്പോള്‍ 77 വരില്ലെ എന്നാണ് ആരാധകര്‍ പ്രധാനമായും വോണിനോട് ചോദിക്കുന്നത്.
പ്രധാന താരങ്ങളായ കോഹ്‌ലിയും ധോണിയും ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങിയതെങ്കില്‍ ഫുള്‍ ടീമുമായി ഇറങ്ങിയ ഇംഗ്ലണ്ടാണ് അതും താരതമ്മ്യേന ദുര്‍ബലരായ വിന്‍ഡീസിനോട് തോറ്റതെന്നും വോണിനെ ഓര്‍മിപ്പിക്കുന്നു. വോണിനെ പരിഹസിച്ചും വിമര്‍ശിച്ചും ട്രോളുകള്‍ നിറയുകയാണ്. അതേസമയം ഇന്നത്തെ മത്സരത്തില്‍ ഇന്ത്യ തോറ്റെങ്കിലും പരമ്പര സ്വന്തമാക്കിയിരുന്നു(3-1) ട്രെന്‍ഡ് ബോള്‍ട്ടിന്റെ ബൗളിങ് മികവാണ് ന്യൂസിലാന്‍ഡിന് ജയമൊരുക്കിയത്. അഞ്ച് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്. അഞ്ചാം ഏകദിനം ഞായറാഴ്ച നടക്കും.