12ാമത് ക്രിക്കറ്റ് ലോകകപ്പിന് നാളെ കലാശപ്പോര്. ലോര്‍ഡ്സ് ക്രിക്കറ്റ് മൈതാനിയില്‍ കന്നി കിരീടത്തിനായി ആതിഥേയരായ ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും ഏറ്റുമുട്ടും. സെമിയില്‍ ആസ്ട്രേലിയക്കെതിരെ ആധികാരിക ജയത്തോടെയാണ് ഇംഗ്ലണ്ടിന്റെ ഫൈനല്‍ പ്രവേശം. ഗ്രൂപ്പ് ചാമ്പ്യന്മാരായ ഇന്ത്യയെ മറികടന്നാണ് കിവീസ് കലാശപ്പോരിന് എത്തുന്നത്.
കണക്കിലും കളിയിലും തുല്യ ശക്തികളുടെ പോരാട്ടം. ആതിഥേയരെന്ന ആനുകൂല്യം ഇംഗ്ലണ്ടിന് നേരിയ മുന്‍തൂക്കം നല്‍കുന്നു. ഇരു ടീമുകളും ഏകദിനങ്ങളില്‍ ഏറ്റുമുട്ടിയത് 90 തവണ. ഇതില്‍ 43 തവണയും ജയിച്ചത് ന്യൂസിലാന്‍ഡ്. ഇംഗ്ലണ്ട് ജയിച്ചത് 41 തവണ. സമീപകാല പ്രകടനങ്ങളില്‍ ന്യൂസിലാന്‍ഡിനേക്കാള്‍ ഒരുപടി മുന്നിലാണ് ഇംഗ്ലണ്ട്.
ലോകകപ്പ് ഗ്രൂപ്പ് മത്സരങ്ങളിലും സെമി ഫൈനലിലും നേടിയ ആധികാരിക ജയങ്ങള്‍ ടീമിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ പരീക്ഷണങ്ങള്‍ അതിജീവിച്ചാണ് ന്യൂസിലാന്‍ഡ് എത്തുന്നത്. നന്നായി തുടങ്ങുകയും പിന്നീട് നിറം മങ്ങുകയും ചെയ്ത ടീം റണ്‍ റേറ്റിന്റെ ആനുകൂല്യത്തിലാണ് പാകിസ്താനെ മറികടന്ന് സെമിയില്‍ എത്തിയത്. ആവേശകരമായ മത്സരത്തില്‍ ഇന്ത്യയെ മറികടന്ന് തുടര്‍ച്ചയായ രണ്ടാം തവണയും ഫൈനല്‍ യോഗ്യത നേടി.
ഇംഗ്ലണ്ട് നാലാം തവണയാണ് ഫൈനലില്‍ എത്തുന്നത്. ലോകകപ്പ് മത്സരങ്ങള്‍ ആരംഭിച്ച കാലം മുതലുള്ള പാരമ്പര്യം അവകാശപ്പെടാനുണ്ടെങ്കിലും ഇരു ടീമുകള്‍ക്കും ഇതുവരെ ലോക കിരീടം ബാലികേറാ മലയായിരുന്നു. നാളത്തെ കൊട്ടിക്കലാശം അവസാനിക്കുമ്പോള്‍ ലോക ക്രിക്കറ്റ് കിരീടത്തിന് പുതിയ അവകാശി ഉണ്ടാകും.