Cricket Sports

ഇന്ന് ഇഗ്ലണ്ട്-പാക് പോരാട്ടം

ഇന്ന് നടക്കുന്ന മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ട് പാകിസ്താനെ നേരിടും. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട്. അതേസമയം വെസ്റ്റിന്‍ഡീസിന് മുന്നില്‍ 7 വിക്കറ്റിന് തോറ്റാണ് പാകിസ്താന്‍ എത്തുന്നത്.

ഉദ്ഘാടന മത്സരത്തില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയെ 104 റണ്‍സെന്ന വലിയ സ്കോറിന് മറികടന്ന് ഇംഗ്ലണ്ട് ഈ ലോകകപ്പിലെ ഫേവറിറ്റ്സുകളെന്ന് ഒരിക്കല്‍ കൂടി അറിയിച്ചിരുന്നു. ബാറ്റിങ്ങിലും ബൌളിങ്ങിലും സ്ഥിരത പുലര്‍ത്തുന്ന ടീമാണ് ഇംഗ്ലണ്ട്. കഴിഞ്ഞ മത്സരത്തില്‍ ബെന്‍സ്റ്റോക്സിന്റെ ഓള്‍റൌണ്ടര്‍ പ്രകടനമാണ് അവര്‍ക്ക് ജയം സമ്മാനിച്ചത്.

ആദ്യം ബാറ്റ് ചെയ്യാനായാല്‍ വലിയൊരു സ്കോര്‍ തന്നെ കെട്ടിപ്പടുക്കാന്‍ ഇംഗ്ലണ്ടിന് കഴിയും. സമീപകാലങ്ങളില്‍ ഈ രണ്ട് ടീമുകളും ഏറ്റുമുട്ടിയപ്പോഴെല്ലാം വലിയ മാര്‍ജിനില്‍ ജയം നേടാന്‍ ഇംഗ്ലീഷ് ടീമിന് സാധിച്ചിരുന്നു. ഏകദിനത്തില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോര്‍ ഇംഗ്ലണ്ട് നേടിയതും പാകിസ്താനെതിരെ തന്നെ.

ഇംഗ്ലീഷ് നിരയില്‍ ഇയാന്‍ മോര്‍ഗന്റെ കീഴില്‍ ജോഫ്ര ആര്‍ച്ചര്‍, ജോണി ബെയര്‍സ്റ്റോ, ജോ റൂട്ട്, ബെന്‍ സ്റ്റോക്സ്, ലിയാം പ്ലങ്കറ്റ് തുടങ്ങി എല്ലാ താരങ്ങളു ഫോമിലാണ്.

മറുവശത്ത് പാകിസ്താന് കഴിഞ്ഞ കുറെ മത്സരങ്ങളില്‍ മികവ് കാട്ടാനായിട്ടില്ല. മുഹമ്മദ് ആമിറെന്ന് ബൌളര്‍ മാത്രമാണ് താരതമ്യേന ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നത്. ബാറ്റിങ്ങില്‍ ഏറെ പ്രതീക്ഷ വെക്കുന്ന ബാബര്‍ അസം ഫോം വീണ്ടെടുക്കാത്തതും അവരെ വലയ്ക്കുന്നു. വൈകീട്ട് മൂന്ന് മണിക്ക് ട്രെന്റ് ബ്രിഡ്ജിലാണ് മത്സരം.