ലോകകപ്പ് ക്രിക്കറ്റ് രണ്ടാം സെമിയിൽ ആസ്ത്രേലിയയെ എട്ട് വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട് ഫെെനലിൽ. നിർണായകമായ മത്സരത്തിൽ, യാതൊരു സമ്മർദ്ദവുമില്ലാതെയാണ് ഇംഗ്ലീഷ് പട ആസ്ത്രേലിയയെ തകർത്ത് വിട്ടത്. എട്ട് വിക്കറ്റുകൾ ബാക്കിയിരിക്കെ, 32ാം ഓവറിൽ ഇംഗ്ലണ്ട് ലക്ഷ്യം കാണുകയായിരുന്നു. ഇതുവരെയും ലോകകപ്പ് നേടിയിട്ടില്ലാത്ത ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും തമ്മിലുള്ള കലാശപ്പോരാട്ടത്തിന് ഇതോടെ ഞായറാഴ്ച്ച ലോര്‍ഡ്സ് വേദിയാകും.
ആസ്ത്രേലിയ ഉയർത്തിയ ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ടിനായി അർധ സെഞ്ച്വറി നേടിയ ജെയ്സൻ റോയും (85) ബെയർസ്റ്റോയും (34) ചേർന്ന് സെഞ്ച്വറി കൂട്ടുകെട്ടാണ് ഒന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. ആസ്ത്രേലിയൻ ബൗളിങ് നിരയെ അടിച്ച് പറത്തിയ റോയ്, 5 കൂറ്റൻ സിക്സും 9 ബൗണ്ടറികളുമാണ് നേടിയത്. ഇരുവരും ചേര്‍ന്ന് 124 റണ്‍സാണ് ആദ്യ വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്.
മിച്ചൽ സ്റ്റാർക്ക് ഉൾപ്പെട്ട പേരുകേട്ട ഓസീസ് ബൗളിങ് നിര കണക്കിന് തല്ല് വാങ്ങിക്കൂട്ടി. 9 ഓവറിൽ നിന്നും 70 റൺസാണ് സ്റ്റാർക്ക് ഈ മത്സരത്തിൽ വഴങ്ങിയത്. സ്റ്റീവൻ സ്മിത്തിന്റെ ഒരോവറിൽ 21 റൺസ് നേടി ഇംഗ്ലണ്ട്. ആസ്ത്രേലിയക്കായി സ്റ്റാർക്കും പാറ്റ് കുമ്മിൻസും ഓരോ വിക്കറ്റ് വീതം നേടി. ഇതോടെ വിക്കറ്റ് വേട്ടയിൽ മുന്നിലുള്ള സ്റ്റാർക്ക് 27 വിക്കറ്റുകളുമായി ലോകകപ്പ് റെക്കോർഡ് സൃഷ്ടിച്ചു.
നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസ് 49 ഓവറിൽ 223 റൺസിന് എല്ലാവരും കൂടാരം കയറുകയായിരുന്നു. അർധ സെഞ്ച്വറി നേടിയ സ്റ്റീവ് സ്മിത്ത് (85) മാത്രമാണ് ആസ്ത്രേലിയൻ നിരയിൽ തിളങ്ങിയത്. ഇംഗ്ലണ്ടിനായി ക്രിസ് വോക്സും ആദിൽ റാഷിദും 3 വിക്കറ്റ് വീതമെടുത്തു.
14 റൺസെടുക്കുന്നതിനിടെ മൂന്ന് മുൻ നിര വിക്കറ്റുകളാണ് ആസ്ത്രേലിയക്ക് നഷ്ടമായത്. നേരിട്ട ആദ്യ പന്തിൽ തന്നെ ഓപ്പണർ അരോൺ ഫിഞ്ച് വിക്കറ്റിന് മുന്നിൽ കുരുങ്ങി പുറത്താവുമ്പോൾ, ആസ്ത്രേലിയൻ സ്കോർ ഒരോവറിൽ 4 റൺസ് മാത്രം. ജോഫ്രാ ആർച്ചറിനായിരുന്നു വിക്കറ്റ്. തൊട്ടടുത്ത ഓവറിൽ ഡേവിഡ് വാർണറും പുറത്തായി. 9 റൺസെടുത്ത വാർണറിനെ ക്രിസ് വോക്സ് ആണ് മടക്കി അയച്ചത്. തൊട്ടുടനെ തന്നെ പീറ്റർ ഹാൻഡ്സ്കോമ്പിനേയും (4) പറഞ്ഞയച്ച് വോക്സ് ആസ്ത്രേലിയൻ നില പരുങ്ങലിലാക്കുകയായിരുന്നു.
തുടർന്നെത്തിയ സ്റ്റീവ് സ്മിത്ത് വിക്കറ്റ് കീപ്പർ അലക്സ് കാരിയുമായി (46) ചേർന്ന് ടീമിനെ നാണക്കേടിൽ നിന്ന് കരകയറ്റുകയായിരുന്നു. മാക്സ്‍വെൽ 22 റൺസെടുത്ത് പുറത്തായി. സ്റ്റോണിസ് പൂജ്യനായി മടങ്ങിയപ്പോൾ, സ്റ്റാർക്ക് 29 റൺസെടുത്തു.