ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ ക്വാളിഫയറിന് മഴ ഭീഷണി. നിലവിൽ മഴ അകന്നുനിൽക്കുകയാണെങ്കിലും ഈഡൻ ഗാർഡൻസിൽ മഴ പെയ്യാനിടയുണ്ടെന്നാണ് റിപ്പോർട്ട്. ഒരു മണിക്കൂർ മുൻപ് വരെ സ്റ്റേഡിയത്തിൽ മഴ പെയ്തിരുന്നു എന്നതും ആരാധകർക്ക് ആശങ്കയാണ്. മഴ പെയ്ത് കളി മുടങ്ങിയാൽ ഐപിഎൽ ചരിത്രത്തിലാദ്യമായി സൂപ്പർ ഓവറിൽ ജേതാക്കളെ പ്രഖ്യാപിക്കും.
നിലവിൽ 35 ഡിഗ്രിയാണ് ഈഡൻ ഗാർഡൻസിലെ ഊഷ്മാവ്. മൈതാനം മുഴുവൻ മൂടിയിരിക്കുകയാണ്. തെളിഞ്ഞ ആകാശമാണെങ്കിലും അന്തരീക്ഷത്തിൽ ഈർപ്പമുണ്ട്. അഞ്ച് ഓവറെങ്കിലും കളി നടന്നില്ലെങ്കിൽ മത്സരം സൂപ്പർ ഓവറിൽ തീരുമാനിക്കും. സൂപ്പർ ഓവറും നടന്നില്ലെങ്കിൽ പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ടീമിനെ വിജയി ആയി പ്രഖ്യാപിക്കും.
രാജസ്ഥാൻ റോയൽസും ഗുജറാത്ത് ടൈറ്റൻസും തമ്മിലാണ് ഇന്നത്തെ മത്സരം. പോയിൻ്റ് പട്ടികയിൽ ടൈറ്റൻസ് ഒന്നാമതും രാജസ്ഥാൻ രണ്ടാമതും ഫിനിഷ് ചെയ്തു. ഇന്ന് വിജയിക്കുന്ന ടീം ഫൈനലിൽ പ്രവേശിക്കും. പരാജയപ്പെടുന്ന ടീം ലക്നൗ സൂപ്പർ ജയൻ്റ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ നടക്കുന്ന എലിമിനേറ്ററിലെ വിജയിയെ നേരിടും.