Cricket Sports

ട്വന്റി 20 ലോകകപ്പിന് മുമ്ബ് ‘പന്ത്’ മാറ്റേണ്ടിവരും; ടീം ഇന്ത്യയക്ക് തലവേദനയായി യുവതാരത്തിന്റെ മോശം പ്രകടനം; ധോണിയുടെ പിന്‍ഗാമിയായി വാഴ്‌ത്തപ്പെടുന്ന പന്തിന് അവസാന ഒന്‍പത് ഇന്നിങ്‌സില്‍ നേടാനായത് ഒറ്റ അര്‍ധ സെഞ്ച്വറിമാത്രം; ആവശ്യഘട്ടത്തില്‍ ഉത്തരവാദിത്തം മറക്കുന്ന താരത്തിന്റെ കാര്യത്തില്‍ ബാറ്റിങ്‌കോച്ചിനും ആശങ്ക; കലിപ്പിലായി ആരാധകരും; അവസരം കാത്ത് ഇഷാനും സഞ്ചുവും

മൊഹാലി; ട്വന്റി 20 ലോകകപ്പ് ലക്ഷ്യമിട്ട് മുന്നേറുമ്ബോള്‍ ടീം ഇന്ത്യയുടെ ഏറ്റവും വലിയ ആശങ്ക ഋഷഭ് പന്തിന്റെ മോശം പ്രകടനമാണ്. ടീമും സെലക്ടര്‍മാരും പ്രതീക്ഷിക്കുന്ന പ്രകടനം നടത്താന്‍ പന്തിന് കഴിയുന്നില്ല. ബാറ്റ്‌സ്മാന്മാര്‍ ഉത്തരവാദിത്തം മറക്കരുതെന്ന ബാറ്റിങ്‌കോച്ച്‌ വിക്രം റാത്തറിന്റെ വാക്കുകളുടെ ചൂടാറുംമുന്‍പ് ക്രീസിലെത്തിയിട്ടും റിഷഭ് പന്തിന് മാറ്റമൊന്നും ഉണ്ടായില്ല.നിര്‍ഭയ ക്രിക്കറ്റിനും അശ്രദ്ധയ്ക്കും ഇടയില്‍ ഒരു രേഖയുണ്ട്.

യുവതാരങ്ങള്‍ ഇതു തിരിച്ചറിയണം,’ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് പരിശീലകനായി സ്ഥാനം ഏറ്റെടുത്ത ശേഷം വിക്രം റാത്തോഡിന്റെ ആദ്യ പ്രതികരണം ഇതായിരുന്നു. ഇതിന് പിന്നാലെയും താരം നിറം മങ്ങിപ്പോയിരുന്നു.ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ട്വന്റി20യില്‍ അരങ്ങേറ്റക്കാരന്‍ ബ്യോണ്‍ ഫോര്‍ച്യൂണിന്റെ നിരുപദ്രവകരമായ പന്തില്‍ മോശം ഷോട്ടെടുത്ത് പന്ത് പുറത്തായി. പവിലിയനിലേക്കു മടങ്ങുമ്ബോള്‍ പന്തിന്റെ മുഖം കുറ്റബോധം കൊണ്ടു കുനിഞ്ഞിരുന്നു.

ധോണിയുടെ പിന്‍ഗാമിയായി ടീമും സെലക്ടര്‍മാരും കരുതുന്ന പന്തിന് അവസാന ഒന്‍പത് ഇന്നിങ്‌സില്‍ നേടാനായത് ഒറ്റ അര്‍ധസെഞ്ച്വറിമാത്രം. ആറ് തവണ രണ്ടക്കം കണ്ടില്ല. കോച്ച്‌ രവി ശാസ്ത്രിയും ക്യാപ്റ്റന്‍ വിരാട് കോലിയും പന്തിന്റെ പ്രകടനത്തില്‍ തൃപ്തരല്ല. സമ്മര്‍ദഘട്ടങ്ങളില്‍ പതറാതെ പൊരുതി ടീമിനെ വിജയത്തിലെത്തിക്കുന്ന ‘ധോണി മാജിക്’ പന്തിന് ഇപ്പോഴും അന്യമാണ്. ഐപിഎല്ലില്‍ തകര്‍ത്തടിക്കുമ്ബോഴും, രാജ്യാന്തര മത്സരങ്ങളില്‍ തുടര്‍ച്ചയായി നിരാശപ്പെടുത്തുകയാണ് ഈ ഇരുപത്തിയൊന്നുകാരന്‍.ചെറിയ സ്‌കോറിനു പുറത്താകുന്നു എന്നതിലുപരി, മോശം ഷോട്ടിലൂടെ വിക്കറ്റു വലിച്ചെറിയുന്ന പന്തിന്റെ ശൈലിയാണ് ടീം മാനേജ്‌മെന്റിനെ ചൊടിപ്പിക്കുന്നത്. ഈ നില തുടര്‍ന്നാല്‍, അടുത്ത വര്‍ഷത്തെ ട്വന്റി20 ലോകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനം പന്തിനു നഷ്ടമാകാന്‍ അധികം സമയം എടുക്കില്ല.

പന്ത് പ്രതീക്ഷിച്ച പ്രകടനം നടത്താതെ നിരാശപ്പെടുത്തുമ്ബോള്‍ മലയാളിതാരം സഞ്ജു സാംസന്റെയും ഇഷാന്‍ കിഷന്റെയും സാധ്യതകളാണ് കൂടുന്നത്. ലോകകപ്പിന് മുന്‍പ് ടീമില്‍ യുവതാരങ്ങളുടെ പരീക്ഷണം തുടരുമെന്ന് കോലിയും സെലക്ടര്‍മാരും ആവര്‍ത്തിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ട്വന്റി20ക്കു മുന്‍പ്, ഷോട്ട് സിലക്ഷനില്‍ അല്‍പം കൂടി അച്ചടക്കം പാലിക്കണം എന്നും ഋഷഭ് പന്തിനു റാത്തോഡ് നിര്‍ദ്ദേശം നല്‍കി. എത്ര പ്രതിഭാസമ്ബന്നനാണെങ്കിലും, മോശം ഷോട്ടിലൂടെ പുറത്തായാല്‍ ചെവിക്കു പിടിക്കുമെന്നു പരിശീലകന്‍ രവി ശാസ്ത്രി പന്തിനെ താക്കീതും ചെയ്തു. പക്ഷേ, പന്ത് നന്നായ ലക്ഷണം കാണുന്നില്ല.

അടുത്ത ട്വന്റി20 ലോകകപ്പില്‍ കൂടുതല്‍ കെട്ടുറപ്പുള്ള ഒരു നിരയെ ഒരുക്കുക എന്നതാണു ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ദൗത്യം. സമ്മര്‍ദഘട്ടങ്ങളെ അതിജീവിക്കുന്നതില്‍ കൂടുതല്‍ മികവു പുലര്‍ത്തുന്ന താരങ്ങളെ കണ്ടു പിടിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ എന്നു കോലി വ്യക്തമാക്കിയിരുന്നു. ഞായറാഴ്ച ബെംഗളൂരുവില്‍ നടക്കുന്ന മൂന്നാം ട്വന്റി20യിലും പന്ത് പരാജയപ്പെട്ടാല്‍, ഇഷാന്‍, സഞ്ജു എന്നിവര്‍ക്ക് സ്വാഭാവികമായും ഇന്ത്യന്‍ ടീമിലേക്കു വഴി തുറക്കും.

(ഇന്നിങ്‌സ് റണ്‍സ് ഉയര്‍ന്ന സ്‌കോര്‍, ശരാശരി, സ്‌ട്രൈക്ക് റേറ്റ്)

18 – 306 – 65 – 20.40 – 123.89

ഈ വര്‍ഷം കളിച്ച 9 രാജ്യാന്തര ട്വന്റി20 മത്സരങ്ങളില്‍ 3 തവണ മാത്രമാണ് ഋഷഭ് പന്ത് രണ്ടക്കം കണ്ടത്. 4, 40*, 28, 3, 1, 0, 4, 65*, 4 എന്നിങ്ങനെയാണ് ഈ വര്‍ഷം ഇന്ത്യയ്ക്കായി കളിച്ച ട്വന്റി20 മത്സരങ്ങളില്‍ പന്തിന്റെ സ്‌കോറുകള്‍.