Cricket

ദുലീപ് ട്രോഫി: അരങ്ങേറ്റത്തിൽ ഇരട്ടസെഞ്ചുറിയുമായി യശസ്വി; യാഷ് ധുൽ 193

ദുലീപ് ട്രോഫിയിൽ തിളങ്ങി യുവതാരങ്ങളായ യശസ്വി ജയ്സ്വാളും യാഷ് ധുലും. നോർത്ത് ഈസ്റ്റ് സോണിനായി വെസ്റ്റ് സോണിനു വേണ്ടി കളത്തിലിറങ്ങിയ യശസ്വി ഇരട്ടശതകവുമായി തിളങ്ങി. യശസ്വിയുടെ അരങ്ങേറ്റ ദുലീപ് ട്രോഫി മത്സരമായിരുന്നു ഇത്. മത്സരത്തിൽ ഇന്ത്യൻ താരം അജിങ്ക്യ രഹാനെയും ഇരട്ടസെഞ്ചുറി നേടി. പൃഥ്വി ഷാ സെഞ്ചുറിയടിച്ച് പുറത്തായി.

321 പന്തുകൾ നേരിട്ട യശസ്വി 228 റൺസ് നേടിയാണ് മടങ്ങിയത്. 22 ബൗണ്ടറികളും മൂന്ന് സിക്സറും സഹിതമായിരുന്നു യശസ്വിയുടെ പ്രകടനം. രഹാനെ 264 പന്തിൽ നിന്ന് 18 ബൗണ്ടറികളുടെയും ആറ് സിക്സറുകളുടെയും അകമ്പടിയോടെ 207 റൺസെടുത്ത് പുറത്താവാതെ നിന്നു. 121 പന്തിൽ 113 റൺസ് നേടിയാണ് പൃഥ്വി ഷാ മടങ്ങിയത്.

മത്സരത്തിൽ 2 വിക്കറ്റ് നഷ്ടത്തിൽ 590 റൺസെടുത്ത് ഇന്നിംഗ്സ് ഡിക്ലയർ ചെയ്ത വെസ്റ്റ് സോണിനെതിരെ നോർത്ത് ഈസ്റ്റ് സോൺ 7 വിക്കറ്റ് നഷ്ടത്തിൽ 164 റൺസെന്ന നിലയിൽ തകർന്നു. വെസ്റ്റ് സോണിനു വേണ്ടി ജയദേവ് ഉനദ്കട്ട് 3 വിക്കറ്റ് വീഴ്ത്തിയപ്പോൾ നോർത്ത് ഈസ്റ്റ് സോണിനായി എട്ടാം നമ്പറിലിറങ്ങിയ അങ്കുർ മാലിക്ക് (57 നോട്ടൗട്ട്) ടോപ്പ് സ്കോററായി.

മറ്റൊരു മത്സരത്തിൽ ഈസ്റ്റ് സോണിനെതിരെ നോർത്ത് സോണിനായി യുവതാരം യാഷ് ധുൽ 193 റൺസ് നേടി പുറത്തായി. 243 പന്തിൽ 28 ബൗണ്ടറിയും 2 സിക്സറും സഹിതമായിരുന്നു താരത്തിൻ്റെ ഇന്നിംഗ്സ്. കഴിഞ്ഞ അണ്ടർ 19 ലോകകപ്പിൽ ജേതാക്കളായ ഇന്ത്യയെ നയിച്ച ധുല്ലിൻ്റെയും ആദ്യ ദുലീപ് ട്രോഫി മത്സരമായിരുന്നു ഇത്. ആദ്യം ബാറ്റ് ചെയ്ത ഈസ്റ്റ് സോൺ 397 റൺസെടുക്കുന്നതിനിടെ ഓൾഔട്ടായി. വിരാട് സിംഗ് (117) ഈസ്റ്റ് സോൺ ടോപ്പ് സ്കോററായി. അണ്ടർ 19 ടീമിൽ ധുലിനൊപ്പം കളിച്ച നിഷാന്ത് സിന്ധു നോർത്ത് സോണിനു വേണ്ടി 3 വിക്കറ്റ് വീഴ്ത്തി. നോർത്ത് സോണിനു വേണ്ടി ധുല്ലിനൊപ്പം ധ്രുവ് ഷോറേ (67 നോട്ടൗട്ട്), മനൻ വോഹ്റ (44) എന്നിവരും തിളങ്ങി. നിലവിൽ 2 വിക്കറ്റ് നഷ്ടപ്പെടുത്തി നോർത്ത് സോൺ 321 റൺസ് നേടിയിട്ടുണ്ട്.