ഇന്ത്യക്കുവേണ്ടി ക്രിക്കറ്റ് കളിച്ചിരുന്ന കാലത്ത് പ്രതിസന്ധിഘട്ടങ്ങളില്‍ നിരവധി തവണ രക്ഷകന്റെ വേഷം ഭംഗിയായി കൈകാര്യം ചെയ്തിട്ടുള്ള കളിക്കാരനാണ് രാഹുല്‍ ദ്രാവിഡ്. ക്രീസില്‍ ഉറച്ചു നിന്ന് ടീമിനെ രക്ഷിച്ച ദ്രാവിഡിനെ ആരാധകരും എതിരാളികളും ഇന്ത്യയുടെ ബാറ്റിംങ് ‘വന്മതില്’ എന്നാണ് വിളിച്ചിരുന്നത്. ഇപ്പോള്‍ കൊറോണയുടെ രൂപത്തില്‍ രാജ്യം പ്രതിസന്ധി നേരിടുമ്പോഴും രക്ഷകനായി ദ്രാവിഡിനെ അവതരിപ്പിച്ചിരിക്കുകയാണ് ഒരു ക്രിക്കറ്റ് ആരാധകന്.
ദ്രാവിഡിനെ മാതൃകയാക്കി എങ്ങനെ കൊറോണയെ നേരിടാമെന്ന് ട്വിറ്ററില്‍ വിശദമായി അവതരിപ്പിച്ചിരിക്കുകയാണ് സാഗര്‍ എന്നയാള്‍. നേരെ വരുന്ന അപകടങ്ങളെ ഒഴിവാക്കിയും സധൈര്യം മുന്നോട്ടുപോയും ക്ഷമയോടെ ബാറ്റുവീശിയും എങ്ങനെ പ്രതിസന്ധി ഘട്ടങ്ങളെ മറികടക്കാമെന്നാണ് സാഗര്‍ ദ്രാവിഡിനെ വെച്ച് പറയുന്നത്. പ്രതിസന്ധികളെ മറികടന്നാല്‍ അതിന് മറ്റുള്ളവരേയും സഹായിക്കണമെന്ന് അണ്ടര്‍ 19 കിരീടം ഇന്ത്യക്ക് പരിശീലകന്റെ വേഷത്തില്‍ നേടിക്കൊടുത്ത ദ്രാവിഡിന്റെ ചിത്രം സഹിതം സാഗര്‍ പറയുന്നു.
നിരവധി പേരാണ് സാഗറിന്റെ ഈ സചിത്ര വിവരണത്തെ ഏറ്റെടുത്തത്. സ്വാഭാവികമായും വൈകാതെ ഈ ട്വിറ്റര്‍ ത്രെഡ് വൈറലാവുകയും ചെയ്തു.