കന്നി സെഞ്ച്വറി ഡബിള്‍ സെഞ്ച്വറിയാക്കി മാറ്റി ഇന്ത്യന്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍. 358 പന്തില്‍ നിന്നാണ് അഗര്‍വാള്‍ ഡബിള്‍ സെഞ്ച്വറി തികച്ചത്. 22 ബൗണ്ടറിയും അഞ്ച് സിക്സറും അടങ്ങുന്നതായിരുന്നു അഗര്‍വാളിന്റെ ഇന്നിങ്സ്. പതിനൊന്ന് റണ്‍സുമായി അജിങ്ക്യ രഹാനെയാണ് ക്രീസില്‍. ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 419 റണ്‍സെന്ന നിലയിലാണ്.
രോഹിത് ശര്‍മ്മ(176) ചേതേശ്വര്‍ പുജാര(6) വിരാട് കോഹ്ലി(20) എന്നിവരാണ് പുറത്തായ ബാറ്റ്സ്മാന്മാര്. രോഹിത് ശര്‍മ്മയുടെ ഡബിള്‍ സെഞ്ച്വറിയായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ ഡബിള്‍ സെഞ്ച്വറിക്ക് 24 റണ്‍സ് അകലെ രോഹിത് വീണു. എന്നാല്‍ മായങ്കിനെ പുറത്താക്കാന്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്കായില്ല.
ക്ഷമയോടെ ബാറ്റുവീശിയ അഗര്‍വാള്‍ മോശം പന്തുകളെ അതിര്‍ത്തി കടത്തി റണ്‍സ് കണ്ടെത്തി. ദക്ഷിണാഫ്രിക്കയ്ക്കായി വെര്‍ണോന്‍ ഫിലാന്‍ഡര്‍, കേശവ് മഹാരാജ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.