ഇനി തങ്ങളുടെ ഭാവി എന്താകുമെന്ന കടുത്ത ആശങ്കയിലാണ് സിംബാബ്വെ ക്രിക്കറ്റ് താരങ്ങള്‍. ക്രിക്കറ്റ് ബോര്‍ഡിലെ രാഷ്ട്രീയ ഇടപെടലുകള്‍ ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സിംബാബ്വെയുടെ അംഗത്വം ഐ.സി.സി റദ്ദാക്കിയതോടെ ഇരുട്ടിലായത് ക്രിക്കറ്റ് താരങ്ങളുടെ ഭാവിയാണ്. ഇനി ഞങ്ങള്‍ എന്ത് ചെയ്യണം എന്നാണ് അവര്‍ ഉയര്‍ത്തുന്ന ചോദ്യം.
”അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങള്‍ എന്ന നിലയ്ക്ക് ഇനി എങ്ങോട്ട് പോകും എന്ന ചോദ്യത്തിന് ഞങ്ങള്‍ക്ക് ഉത്തരമില്ല. ക്ലബ് ക്രിക്കറ്റിലേക്ക് ഒതുങ്ങുമോ ? അതോ ഇനി ഞങ്ങള്‍ക്ക് ക്രിക്കറ്റേയുണ്ടാകില്ലേ ? ക്രിക്കറ്റ് കിറ്റ് കത്തിച്ചുകളഞ്ഞ് മറ്റ് ജോലികള്‍ക്ക് അപേക്ഷിക്കണോ ? എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങള്‍ക്കറിയില്ല.” – സിംബാബ്വെ താരം സിക്കന്ദര്‍ റാസ വേദനയോടെ ചോദിക്കുന്നു. ടീമിനെ വിലക്കിയത് ഹൃദയഭേദകമാണെന്നും അദ്ദേഹം പറഞ്ഞു. സിംബാബ്വെ ക്രിക്കറ്റ് ബോര്‍ഡിനെ വിലക്കിയെങ്കിലും ഐ.സി.സിയുടെ ടൂര്‍ണമെന്റുകളില്‍ കളിക്കാനുള്ള അനുവാദമങ്കിലും തങ്ങള്‍ക്ക് തന്നുകൂടെയെന്നും റാസ ചോദിക്കുന്നു. ക്രിക്കറ്റ് എന്നത് ഞങ്ങള്‍ക്ക് ആവേശം മാത്രമല്ല, ഉപജീവന മാര്‍ഗവും കൂടിയാണെന്ന് റാസ പറയുന്നു.
”ഐ.സി.സിയുടെ നടപടി ഞങ്ങളുടെ ഹൃദയം തകര്‍ത്തുകളഞ്ഞു. ഐ.സി.സിയുടെ തീരുമാനം പ്രഖ്യാപിച്ചപ്പോഴുണ്ടായ ആഘാതത്തില്‍ നിന്നും ഇനിയും മുക്തരായിട്ടില്ല. ഞങ്ങളുടെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിന് ഇതുപോലൊരു അന്ത്യം ഉണ്ടായതില്‍ വേദനയുണ്ട്. ഇത് ഒരു കളിക്കാരന്റെ കാര്യം മാത്രമല്ല. ഒരു രാജ്യത്തിന്റെ മുഴുവന്‍ പ്രശ്നമാണ്. എന്റെ സഹപ്രവര്‍ത്തകരായ കളിക്കാരും ഇതേ വേദനയില്‍ തന്നെയായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്. ഇനി ഇവിടെ നിന്ന് ഞങ്ങള്‍ എങ്ങോട്ട് പോകണം ? രക്ഷപെടാന്‍ വേറെന്തെങ്കിലും വഴിയുണ്ടോ ? – റാസ ചോദിക്കുന്നു.
ടീമിനെ വിലക്കിയെന്നാണ് തങ്ങളെ അറിയിച്ചിരിക്കുന്നത്. പക്ഷേ അത് എത്ര കാലത്തേക്കാണെന്ന് വ്യക്തമാക്കിയിട്ടില്ല. സിംബാബ്വെയിലെ ക്രിക്കറ്റിന്റെ വേരറുക്കുന്ന തീരുമാനമാണ് ഐ.സി.സി കൈക്കൊണ്ടത്. ഇങ്ങനെ ക്രൂരമായി പെരുമാറരുതായിരുന്നുവെന്നും റാസ പറയുന്നു. സോഫ്റ്റ്വെയര് എന്‍ജിനീയറായ റാസ, പാകിസ്താനിലെ എയര്‍ഫോഴ്സ് കോളജിലും പഠനം കഴിഞ്ഞാണ് ഇതെല്ലാം ഉപേക്ഷിച്ച് ക്രിക്കറ്റിലേക്ക് എത്തിയത്. വൈകിയാണ് ക്രിക്കറ്റിലേക്കെത്തിയതെങ്കിലും അതിവേഗം ഓള്‍റൌണ്ട് പ്രകടനം കൊണ്ട് കളി ആരാധകരുടെ ശ്രദ്ധ ആകര്‍ഷിക്കുകയായിരുന്നു റാസ.