Cricket Sports

ധോണിക്ക് പകരക്കാരനെ തേടി ഇന്ത്യ, ടീമില്‍ തിരിച്ചെത്താന്‍ പാര്‍ത്ഥിവ് പട്ടേല്‍

മുംബൈ: മഹേന്ദ്ര സിങ് ധോണിക്ക് മുന്‍പേ ഇന്ത്യയ്ക്കായി ഗ്ലൗസണിഞ്ഞ താരമാണ് പാര്‍ത്ഥിവ് പട്ടേല്‍. 2002 -ലാണ് രാജ്യാന്തര ക്രിക്കറ്റില്‍ പാര്‍ത്ഥിവ് പട്ടേല്‍ അരങ്ങേറ്റം കുറിച്ചത്. ഈ കാലഘട്ടത്തില്‍ത്തന്നെ ഒരുപിടി വിക്കറ്റ് കീപ്പര്‍മാര്‍ ഇന്ത്യയ്ക്കുണ്ടായിരുന്നു. ദീപ് ദസ്ഗുപ്ത, അജയ് രാത്ര, ദിനേശ് കാര്‍ത്തിക് ഇവരെ ടീം മാറി മാറി പരീക്ഷിച്ചു. പക്ഷെ ആര്‍ക്കും ഇന്ത്യയുടെ സ്ഥിരം കീപ്പറാവാനായില്ല. വലിയ പ്രതീക്ഷകള്‍ ഉണര്‍ത്തി പാര്‍ത്ഥിവ് പട്ടേല്‍ വന്നെങ്കിലും ടീമിലെ സ്ഥിര സാന്നിധ്യമാവാന്‍ താരത്തിനും കഴിഞ്ഞില്ല. ഇവര്‍ക്ക് ശേഷമാണ് മഹേന്ദ്ര സിങ് ധോണിയുടെ കടന്നുവരവ്. തുടര്‍ന്നിങ്ങോട്ട് വിക്കറ്റ് കീപ്പര്‍മാര്‍ക്കുള്ള വേട്ട നടത്തേണ്ടി വന്നിട്ടില്ല ഇന്ത്യയ്ക്ക്.

ഇപ്പോള്‍ ധോണി യുഗം അസ്തമിക്കാന്‍ നില്‍ക്കെ, ഇനിയാര് എന്ന ചോദ്യത്തിന് ടീം മാനേജ്‌മെന്റിന്റെ പക്കല്‍ കൃത്യമായൊരു ഉത്തരമില്ല. ധോണിക്കൊത്ത മറ്റൊരു കീപ്പറെ കണ്ടുപിടിക്കുക ബുദ്ധിമുട്ടാണെന്ന് പാര്‍ത്ഥിവ് പട്ടേല്‍ തന്നെ സമ്മതിക്കുന്നുണ്ട്. ദിനേശ് കാര്‍ത്തിക്കിനെയും തന്നെയും മറികടന്നാണ് ധോണി ടീമില്‍ ഇടം കണ്ടെത്തിയത്. ചിത്രത്തില്‍ ധോണിയെത്തിയതിന് ശേഷം തങ്ങള്‍ക്ക് അവസരങ്ങള്‍ ഗണ്യമായി കുറഞ്ഞെന്ന് പാര്‍ത്ഥിവ് പറയുന്നു.

ഇതേസമയം, ലഭിച്ച അവസരങ്ങളില്‍ മികവു കാട്ടാന്‍ തങ്ങള്‍ക്ക് കഴിഞ്ഞില്ലെന്നും താരം സൂചിപ്പിക്കുന്നുണ്ട്. എന്തായാലും ഒരിക്കല്‍ക്കൂടി വിക്കറ്റ് കീപ്പര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാകവെ ടീമില്‍ തിരിച്ചെത്താന്‍ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് 34 -കാരനായ പാര്‍ത്ഥിവ്. നിലവില്‍ ഗുജറാത്തിന്റെ നായകനാണ് പാര്‍ത്ഥിവ് പട്ടേല്‍. ആഭ്യന്തര സീസണില്‍ മികവോടെ സ്‌കോര്‍ ചെയ്യാനായാല്‍ സെലക്ടര്‍മാരും മാനേജ്‌മെന്റും തന്റെ പേര് പരിഗണിക്കുമെന്ന് താരം പറയുന്നു.

ഇതേസമയം, ടീമില്‍ കയറുമോ ഇല്ലയോ എന്ന കാര്യത്തില്‍ വലിയ ആശങ്കയൊന്നും ഇപ്പോഴില്ല. ക്രിക്കറ്റ് ആസ്വദിച്ച്‌ കളിക്കാനാണ് ഇഷ്ടമെന്ന് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പാര്‍ത്ഥിവ് കൂട്ടിച്ചേര്‍ത്തു. നിലവില്‍ വിജയ് ഹസാരെ ട്രോഫിയില്‍ പാര്‍ത്ഥിവ് നയിക്കുന്ന ഗുജറാത്ത് ടീം മികച്ച തുടക്കമാണ് നേടിയിരിക്കുന്നത്. കളിച്ച രണ്ടു മത്സരങ്ങളും ടീം ജയിച്ചു. മധ്യപ്രദേശിനെതിരെ 96 പന്തില്‍ 90 റണ്‍സെടുത്ത പാര്‍ത്ഥിവ് സീസണില്‍ മികച്ച ഫോം കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ്.