സംഗകാര പറഞ്ഞത് കേട്ട മാച്ച് റഫറി ടോസ് ലങ്കക്ക് വിധിക്കുകയായിരുന്നു. എന്നാല്‍ ഇതിനെ ധോണി എതിര്‍ത്തു. തുടര്‍ന്ന് വീണ്ടും ടോസിട്ടു…
ഇന്ത്യ നേടിയ 2011ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ രണ്ട് തവണ ടോസിടേണ്ടി വന്നത് ധോണിയുടെ നിര്‍ബന്ധം കാരണമെന്ന് മുന്‍ ശ്രീലങ്കന്‍ നായകന്‍ കുമാര്‍ സംഗകാര. ആര്‍ അശ്വിനുമായി ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കുമ്പോഴാണ് 2011ലെ ചരിത്ര ഫൈനലില്‍ ആദ്യ ടോസ് ധോണി അംഗീകരിക്കാതിരുന്നതിനെക്കുറിച്ച് സംഗകാര പറഞ്ഞത്.
ഫൈനലില്‍ ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 50 ഓവറില്‍ 6ന് 274 റണ്‍സെടുത്തിരുന്നു. ജയവര്‍ധനെയുടെ(103) സെഞ്ചുറിയാണ് ലങ്കക്ക് മികച്ച സ്‌കോര്‍ നേടിക്കൊടുത്തത്. എന്നാല്‍, ശ്രീലങ്ക ഉയര്‍ത്തിയ 275 റണ്‍സ് വിജയലക്ഷ്യം ഒരു ഓവറും നാല് പന്തും ശേഷിക്കെ ഇന്ത്യ മറികടന്നു. ഗംഭീറിന്റേയും(122 പന്തില്‍ 97) ധോണിയുടേയും(79 പന്തില്‍ 91*) ബാറ്റിംഗാണ് ഇന്ത്യക്ക് ചരിത്രജയവും കിരീടവും സമ്മാനിച്ചത്.
മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന ഏകദിന ഫൈനല്‍ കാണാന്‍ 43,000ത്തിലേറെ പേരാണ് കാണികളായി എത്തിയത്. കാണികളുടെ ബഹളം കൊണ്ട് തൊട്ടടുത്തുള്ള കളിക്കാരനുമായി പോലും സംസാരിക്കുക എളുപ്പമായിരുന്നില്ല. ഗാലറിയുടെ ബഹളത്തില്‍ ആദ്യം ടോസ് ഇട്ടപ്പോള്‍ ഹെഡ്‌സ് എന്ന് സംഗക്കാര വിളിച്ചത് കേട്ടില്ലെന്നാണ് ധോണി പറഞ്ഞത്.
സംഗകാര പറഞ്ഞത് കേട്ട മാച്ച് റഫറി ടോസ് ലങ്കക്ക് വിധിക്കുകയായിരുന്നു. എന്നാല്‍ ഇതിനെ ധോണി എതിര്‍ത്തു. തുടര്‍ന്ന് വീണ്ടും ടോസിട്ടു. അപ്പോഴും സംഗക്കാര ഹെഡ്‌സ് തന്നെയാണ് വിളിച്ചത്. ഇക്കുറിയും ടോസ് ലങ്കക്ക് തന്നെ കിട്ടി. ടോസ് നേടിയ ലങ്ക ബാറ്റിംഗിനിറങ്ങുകയും ചെയ്തു. അന്ന് ടോസ് ലഭിച്ചത് ഭാഗ്യമായിരുന്നോ എന്ന് പറയാനാവില്ലെന്നും സംഗക്കാര പറയുന്നു. ഇന്ത്യക്ക് ടോസ് ലഭിച്ചിരുന്നെങ്കില്‍ ബാറ്റിംഗിനെ തുണക്കുന്ന പിച്ചില്‍ ധോണിയും ചിലപ്പോള്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുമായിരുന്നുവെന്നാണ് തനിക്ക് തോന്നിയതെന്നാണ് സംഗക്കാര പറയുന്നു.
പരിക്ക് മൂലം ഫൈനലില്‍ ഓള്‍ റൗണ്ടര്‍ ഏഞ്ചലോ മാത്യൂസ് കളിക്കാതിരുന്നതും ശ്രീലങ്കക്ക് തിരിച്ചടിയായെന്ന് സംഗക്കാര പറയുന്നു. മാത്യൂസ് കളിച്ചിരുന്നെങ്കില്‍ ഉറപ്പായും ടോസ് നേടിയാല്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുമായിരുന്നെന്നും സംഗക്കാര വെളിപ്പെടുത്തി. ഏഴാം നമ്പറില്‍ മാത്യൂസിനെ പോലെ ഒരു ഹാര്‍ഡ് ഹിറ്ററുള്ളപ്പോള്‍ ചേസിംഗ് എളുപ്പമാണെന്നാണ് സംഗയുടെ വിലയിരുത്തല്‍.