Cricket Sports

നെറ്റ്സിലേക്ക് തിരികെയെത്തി ധോണി; യു.എ.ഇയില്‍ ഹെലിക്കോപ്റ്റര്‍ ഷോട്ടുകള്‍ പിറക്കുമെന്ന് റെയ്ന

യുഎഇയിലേക്ക് ആഗസ്റ്റ് 20ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് സംഘം പറക്കുമെന്നാണ് റിപ്പോര്‍ട്ട്. അതിന് മുമ്പ് പരിശീലനം നടത്താന്‍ രണ്ടാഴ്ചയോളം ധോണിക്ക് മുമ്പിലുണ്ട്

ഐപിഎല്ലിന് മുന്നോടിയായി നെറ്റ്‌സിലേക്ക് മടങ്ങിയെത്തി ചെന്നൈ സൂപ്പര്‍ കിങ്സ് നായകന്‍ മഹേന്ദ്ര സിങ് ധോണി. റാഞ്ചിയിലെ ഇന്‍ഡോര്‍ നെറ്റ്‌സില്‍ ധോണി പരിശീലനം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. റാഞ്ചിയില്‍ നിലവില്‍ ബൗളര്‍മാര്‍ പരിശീലനത്തിന് ഇറങ്ങാത്തതിനാല്‍ ബൗളിങ് മെഷീനിന്റെ സഹായത്തോടെയാണ് ധോണി പരിശീലനം നടത്തുന്നത്. കഴിഞ്ഞ ആഴ്ച രണ്ട് ദിവസം ധോണി ഇവിടെ പരിശീലനത്തിന് എത്തിയതായി ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ വൃത്തങ്ങള്‍ പറഞ്ഞു.

ഇനി പരിശീലനത്തിനായി ധോണി എപ്പോള്‍ ഇവിടേക്ക് എത്തുമെന്നും വ്യക്തമല്ല. ലോക്ക്ഡൗണിന് മുമ്പ് ധോണി ഇവിടെ നിരന്തരം പരിശീലനത്തിന് എത്തിയിരുന്നു. യുഎഇയിലേക്ക് ആഗസ്റ്റ് 20ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് സംഘം പറക്കുമെന്നാണ് റിപ്പോര്‍ട്ട്. അതിന് മുമ്പ് പരിശീലനം നടത്താന്‍ രണ്ടാഴ്ചയോളം ധോണിക്ക് മുമ്പിലുണ്ട്.

കോവിഡ് ശക്തമാവുന്നതിന് മുമ്പ് ചെന്നൈയുടെ ക്യാമ്പില്‍ ധോണി മണിക്കൂറുകളോളം പരിശീലനം നടത്തിയിരുന്നു. യുഎഇയില്‍ ധോണിയുടെ ഹെലികോപ്ടര്‍ ഷോട്ട് കാണാമെന്ന് കഴിഞ്ഞ ദിവസം സഹതാരം സുരേഷ് റെയ്‌ന പറഞ്ഞു. ഇതോടെ ധോണിയുടെ തിരിച്ചു വരവിനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് പ്രതീക്ഷകള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്.