അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലെ ധോണിയുടെ മെല്ലെപ്പോക്കിനെ വിമര്‍ശിച്ച സച്ചിനെതിരെ ധോണിയുടെ ആരാധകര്‍. സെഞ്ച്വറിയോട ടുക്കുമ്പോള്‍ സമ്മര്‍ദ്ദത്തിലാകുന്ന സച്ചിന് ധോണിയെ വിമര്‍ശിക്കാന്‍ എന്ത് അധികാരമാണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഇരു താരങ്ങളുടെയും ആരാധകര്‍ തമ്മിലുള്ള തര്‍ക്കം സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിക്കുകയാണ്.
ലോകകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ധോണിയുടെ മെല്ലെപ്പോക്ക് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. മത്സരത്തില്‍ ധോണി 52 പന്തിലാണ് 28 റണ്‍സെടുത്തത്. എന്നാല്‍ വിഷയത്തില്‍ സച്ചിന്‍ നടത്തിയ പ്രതികരണമാണ് ധോണി ആരാധകരെ ചൊടിപ്പിച്ചത്.
ടൂര്‍ണമെന്റില്‍ ബാറ്റ് ചെയ്യാന്‍ അധികം അവസരം ലഭിക്കാതിരുന്ന കേദാര്‍ ജാദവ് കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും, സീനിയര്‍ താരമെന്ന നിലയില്‍ ധോണി കുറച്ചുകൂടി ആക്രമിച്ചു കളിക്കണമെന്നുമായിരുന്നു സച്ചിന്റെ പ്രതികരണം. ധോണിയും കേദാര്‍ ജാദവും ചേര്‍ന്നുള്ള കൂട്ടുകെട്ട് സ്കോറിങ് വേഗം കൂട്ടാഞ്ഞതില്‍ തനിക്ക് നിരാശയുണ്ടെന്നും സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സച്ചിന്‍ പറഞ്ഞിരുന്നു.
ഇതിനെതിരെ കടുത്ത ഭാഷയിലാണ് ധോണി ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്നത്. സ്കോര്‍ബോര്‍ഡില്‍ 90 കഴിയുമ്പോള്‍ മുട്ടിടിക്കുന്ന താരത്തിന് ഇത് പറയാന്‍ എന്ത് അര്‍ഹതയാണുള്ളതെന്ന് ധോണി ആരാധകര്‍ ചോദിക്കുന്നു. സച്ചിന്‍ പലപ്പോഴും സ്വന്തം സ്കോര്‍ ഉയര്‍ത്താനാണ് ശ്രമിച്ചതെന്നും ധോണി ടീമിന് വേണ്ടിയാണ് കളിക്കുന്നതെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
അതേസമയം ധോണി ആരാധകരുടെ വിമര്‍ശനങ്ങള്‍ക്ക് എതിരെ സച്ചിന്‍ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. താരങ്ങളുടെ ലോകകപ്പ് പ്രകടനത്തിന്റെ കണക്കുകള്‍ നിരത്തിയാണ് ഇരു ഫാന്‍സുകാരും രംഗം കീഴടക്കുന്നത്.