Cricket Sports

ഗാലറികളിലെ ധോണി… ധോണി.. വിളി നിലക്കുന്നില്ല

കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പില്‍ ന്യൂസിലന്റിനെതിരെ തോറ്റതിന് ശേഷം ഇന്ത്യക്കുവേണ്ടി ഒരു കളി പോലും ധോണി കളിച്ചിട്ടില്ല. എന്നാല്‍ ഇപ്പോഴും ആരാധകര്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന താരം ധോണിയാണ്. വാങ്കഡെയില്‍ നടന്ന ആസ്‌ട്രേലിയക്കെതിരായ ഏകദിനവും അത് തെളിയിച്ചു. ആരാധകരുടെ ധോണി വിളി സോഷ്യല്‍മീഡിയയില്‍ ട്രന്‍ഡിംങാവുകയും ചെയ്തു.

ധോണി ആരാധകര്‍ എന്തുകൊണ്ടാണ് പന്തിനെ ഇത്രയേറെ വെറുക്കുന്നത് എന്നാണ് പലരും ചോദിക്കാറ്. എന്നാല്‍ അതങ്ങനെയല്ലെന്നും പന്തിന് പകരം കെ.എല്‍ രാഹുല്‍ വന്നപ്പോഴും ഓര്‍മ്മ ധോണിയെക്കുറിച്ചാണെന്നായിരുന്നു ഒരു ആരാധകന്‍ പറഞ്ഞത്.

തലക്ക് ബൗണ്‍സറേറ്റ് നിരീക്ഷണത്തിലായ ഋഷഭ് പന്തിന് പകരക്കാരനായാണ് കെ.എല്‍. രാഹുല്‍ വിക്കറ്റ് കീപ്പറായെത്തിയത്. രാഹുല്‍ വിക്കറ്റിന് പിന്നില്‍ വരുത്തുന്ന പിഴവുകളെ ധോണി… ധോണി… വിളികളോടെയായിരുന്നു ആരാധകര്‍ എതിരേറ്റത്. ആസ്‌ട്രേലിയക്കെതിരായ മത്സരം പത്ത് വിക്കറ്റിന് ഇന്ത്യ തോല്‍ക്കുക കൂടി ചെയ്തതോടെ ധോണിക്കായുള്ള മുറവിളി കൂടി.

ആരാധകരുടെ ധോണി വിളിയില്‍ നേരത്തെ കോലി പോലും അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. പന്ത് ചെറിയ തെറ്റുകള്‍ വരുത്തുമ്പോള്‍ പോലും ധോണി… ധോണി എന്ന് ആര്‍പ്പുവിളിക്കുന്നത് ശരിയല്ലെന്നായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍ മുമ്പ് പറഞ്ഞത്.

ധോണി ദീര്‍ഘകാലമായി ഇന്ത്യന്‍ ടീമില്‍ നിന്നും സ്വയം മാറി നില്‍ക്കുന്നതിനെ സുനില്‍ ഗവാസ്‌കര്‍ അടക്കമുള്ളവര്‍ വിമര്‍ശിച്ചിരുന്നു. ജനുവരി അവസാനം വരെ കാത്തിരിക്കൂ എന്നായിരുന്നു എല്ലാവര്‍ക്കുമുള്ള ധോണിയുടെ മറുപടി. ഇതിനിടെ ധോണി ഏകദിനത്തില്‍ നിന്നും വിരമിക്കുമെന്ന വ്യക്തമായ സൂചന പരിശീലകന്‍ രവിശാസ്ത്രി അടക്കമുള്ളവര്‍ നല്‍കിയിട്ടുണ്ട്. അതേസമയം വരുന്ന ടി20 ലോകകപ്പില്‍ ധോണി കളിക്കുമോ എന്ന് ഐ.പി.എല്ലിലെ പ്രകടനം കൂടി കണക്കിലെടുത്തേ പറയാനാകൂ.