ഐ.പി.എല്‍ കലാശക്കളിക്ക് അരങ്ങൊരുങ്ങുമ്പോൾ, ഫീൽഡിലിറങ്ങാൻ ഇനിയുള്ളത് രണ്ട് ടീമുകൾ മാത്രം. ആളും ആരവവും ഒതുങ്ങിയപ്പോള്‍, ശേഷിച്ച മുൻ ചാമ്പ്യൻമാരായ ചെന്നെെ സൂപ്പർ കിങ്സും മുംബെെ ഇന്ത്യൻസും ഞായറാഴ്ച്ച നടക്കുന്ന ഐ.പി.എൽ ഫെെനലിൽ ഏറ്റുമുട്ടാനിരിക്കുകയാണ്.
ഇതിനിടയിൽ മറ്റു ടീമുകളിലെ താരങ്ങളെ സോഷ്യൽ മീഡിയ മറന്നു എന്ന് തെറ്റിദ്ധരിക്കേണ്ടതില്ല. ഡൽഹി ക്യാപിറ്റൽസ് താരം ശിഖർ ധവാന്റെ ഒരു ഇൻസ്റ്റഗ്രാം കമന്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വെെറലായിരിക്കുന്നത്. കമന്റ് ചെയ്തിരിക്കുന്നത് രാജസ്താൻ റോയൽസിന്റെ ഇന്ത്യൻ താരം അജിൻക്യ രഹാനെയുടെ ഫോട്ടോക്ക് കീഴിലും.
ഐ.പി.എല്ലിലെ തിരക്കിട്ട ഷെഡ്യൂളിനിടെ ടീവി കാണുന്ന തന്റെ ഫോട്ടോയായിരുന്നു രഹാനെ ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തത്. താൻ എന്താണ് കണ്ടുകൊണ്ടിരിക്കുന്നതെന്ന് ആർക്കെങ്കിലും ഊഹിക്കാൻ കഴിയുമോ എന്നും താരം ചുവടെ കുറിച്ചു. ഇതിന് മറുപടിയുമായി എത്തിയ ശിഖർ ധവാൻ പറഞ്ഞത്, ടീവിയല്ലാതെ മറ്റെന്താണാ കണ്ടുകൊണ്ടിരിക്കുന്നതെന്നാണ്. ചുവടെ കമന്റുമായി വന്ന മറ്റുള്ളവരും ഇതേ കാര്യം ആവർത്തിച്ച് കമന്റിടുകയും ചെയ്തു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ് രഹാനെ. രാജസ്ഥാൻ റോയൽസ് നായകനായിരുന്ന രഹാനെ, മത്സരത്തിനിടക്ക് വെച്ച് ആസ്ത്രേലിയൻ താരം സ്റ്റീവ് സ്മിത്ത് എത്തിയപ്പോൾ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറി കൊടുക്കുകയായിരുന്നു. ക്യാപ്റ്റൻസി ഒഴിഞ്ഞ ശേഷമുള്ള രണ്ടാം മത്സരത്തിൽ ഐ.പി.എല്ലിലെ തന്റെ രണ്ടാം സെഞ്ച്വറിയുമായി താരം താളം വീണ്ടെടുക്കുകയും ചെയ്തു.
2018ൽ 12 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 30.66 ശരാശരിയിൽ 644 റൺസായിരുന്നു ടെസ്റ്റ് ഉപനായകന്റെ സമ്പാദ്യം. ഒരു സെഞ്ച്വറി പോലും ഇക്കൂട്ടത്തിലില്ല എന്നുള്ളതും ഇതിൽ ശ്രദ്ധേയമാണ്. 2019ലെ ലോകകപ്പ് ടീമിൽ ഇടം ലഭിക്കാതിരുന്ന രഹാനെ, കൗണ്ടി ചാമ്പ്യൻഷിപ്പിൽ ഹാംപ്ഷെയറിന് വേണ്ടി കളത്തിലിറങ്ങും.