ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയത്തിന്റെ പേര് മാറ്റി ഡി.ഡി.സി.എ. അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയം എന്നാണ് പുനർനാമകരണം ചെയ്തിരിക്കുന്നത്. അന്തരിച്ച മുന്‍ മന്ത്രി അരുണ്‍ ജെയ്റ്റ്‍ലിയോടുള്ള ആദരസൂചകമായാണ് പേര് മാറ്റം. മുൻ ധനമന്ത്രിയുടെ കുടുംബത്തിന്റെ സാന്നിധ്യത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷായാണ് പുനര്‍ നാമകരണ ചടങ്ങ് ഉത്ഘാടനം ചെയ്തത്. ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച ഇന്ത്യന്‍ നായകന്‍ എന്ന ബഹുമതി, എം.എസ് ധോണിയെ പിന്നിലാക്കി സ്വന്തമാക്കിയ വിരാട് കൊഹ്‍ലിയുടെ പേരില്‍ ഒരു പുതിയ പവലിയനും സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുണ്ട്.
അണ്ടർ 19 കളിക്കാരനില്‍ നിന്ന് ഇന്ത്യ ക്യാപ്റ്റനിലേക്കുള്ള കൊഹ്‌ലിയുടെ യാത്രയെക്കുറിച്ചുള്ള ഒരു ഹ്രസ്വ വീഡിയോയും അനിമേഷൻ ചിത്രവും ചടങ്ങില്‍ പ്രദർശിപ്പിച്ചു. ”വിരാട് കൊഹ്‌ലിയെ ആദരിക്കാന്‍ തീരുമാനിച്ചപ്പോൾ ഞാന്‍ അക്കാര്യം ആദ്യം അരുൺ ജെയ്റ്റ്‌ലിയോടാണ് പറഞ്ഞത്. ലോക ക്രിക്കറ്റിൽ വിരാടിനേക്കാൾ മികച്ച കളിക്കാരൻ ഇല്ലെന്നും ഇത് നല്ല തീരുമാനമാണെന്നുമാണ് അന്ന് അദ്ദേഹം എന്നോട് പറഞ്ഞത്,” ഡി.ഡി.സി.എ പ്രസിഡന്റ് രജത് ശർമ പറഞ്ഞു. ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ വെയ്റ്റ് ലിഫ്റ്റിംഗ് ഹാളിലാണ് അനാച്ഛാദന ചടങ്ങ് നടന്നത് എന്നതാണ് ശ്രദ്ധേയം.
ജെയ്റ്റ്‌ലിയുടെ കുടുംബാംഗങ്ങൾക്ക് പുറമെ കായിക മന്ത്രി കിരൺ റിജിജു, മുൻ കായിക മന്ത്രി രാജ്യവർദ്ധൻ സിങ് റാത്തോഡ്, ഡല്‍ഹി ബി.ജെ.പി നേതാവ് മനോജ് തിവാരി, മുൻ ക്യാപ്റ്റൻ കപിൽ ദേവ്, മുൻ ഇന്ത്യൻ ഓപ്പണർ ചേതൻ ചൌഹാൻ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. അരുൺ ജെയ്‍റ്റ്‍ലിയെ സംബന്ധിച്ചിടത്തോളം ക്രിക്കറ്റ് അദ്ദേഹത്തിന് അഭിനിവേശവും ജീവിതവുമായിരുന്നു. 13 വർഷം ഡി.ഡി.സി.എ മേധാവിയായി തുടർന്ന അദ്ദേഹം വിരാട്, പന്ത്, ധവാൻ, നെഹ്‌റ, സെവാഗ് എന്നിവരെ മികച്ച കളിക്കാരാക്കി മാറ്റുന്നതിൽ വലിയ പങ്കുവഹിച്ചെന്നും ശര്‍മ പറഞ്ഞു.