Cricket

ഗൊലായത്തിനെ തോല്പിച്ച് ഡേവിഡ്; ഗുജറാത്തിനെതിരെ ഡൽഹിയ്ക്ക് ആവേശജയം

മറ്റൊരു ലോ സ്കോർ ത്രില്ലറിൽ പോയിൻ്റ് പട്ടികയിൽ ഒന്നാമതുള്ള ഗുജറാത്തിനെ കീഴടക്കി പട്ടികയിൽ അവസാന സ്ഥാനത്തുള്ള ഡൽഹി. 5 റൺസിനാണ് ഡൽഹിയുടെ ജയം. ഡൽഹി മുന്നോട്ടുവച്ച 131 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഗുജറാത്തിന് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി 125 റൺസ് നേടാനേ സാധിച്ചുള്ളൂ. 59 റൺസ് നേടി പുറത്താവാതെ നിന്ന ഹാർദിക് പാണ്ഡ്യ ആണ് ഗുജറാത്തിൻ്റെ ടോപ്പ് സ്കോറർ. ഡൽഹിയ്ക്കായി ഖലീൽ അഹ്‌മദും ഇശാന്ത് ശർമയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഡൽഹിയെപ്പോലെ ഗുജറാത്തിനും ആദ്യ ഓവറിൽ വിക്കറ്റ് നഷ്ടമായി. ആദ്യ ഓവറിൽ തന്നെ വൃദ്ധിമാൻ സാഹയെ (0) പുറത്താക്കിയ ഖലീൽ അഹ്‌മദ് ഡൽഹിയ്ക്ക് തകർപ്പൻ തുടക്കം നൽകി. മൂന്നാം നമ്പറിലെത്തിയ ഹാർദിക് പാണ്ഡ്യ പോസിറ്റീവായി തുടങ്ങി. എന്നാൽ, നാലാം ഓവറിൽ ശുഭ്മൻ ഗില്ലിനെ (6) ആൻറിച് നോർക്കിയ മടക്കി. വിജയ് ശങ്കറെ (6) ഇശാന്ത് ശർമയും ഡേവിഡ് മില്ലറെ (0) കുൽദീപ് യാദവും മടക്കിയതോടെ ഗുജറാത്ത് 4 വിക്കറ്റ് നഷ്ടത്തിൽ 32 റൺസ് എന്ന നിലയിലേക്ക് കൂപ്പുകുത്തി.

അഞ്ചാം വിക്കറ്റിൽ ഹാർദിക് പാണ്ഡ്യക്കൊപ്പം അഭിനവ് മനോഹർ എത്തിയതോടെ ഗുജറാത്ത് സാവധാനം കളിയിലേക്ക് തിരികെവരാൻ തുടങ്ങി. ഡൽഹി കൃത്യതയോടെ പന്തെറിഞ്ഞെങ്കിലും ഗുജറാത്ത് വിക്കറ്റ് നഷ്ടപ്പെടുത്തിയില്ല. ഇതിനിടെ 44 പന്തിൽ ഹാർദിക് ഫിഫ്റ്റി തികച്ചു. തൊട്ടടുത്ത ഓവറിൽ മനോഹർ പുറത്ത്. 26 റൺസെടുത്ത താരത്തെ ഖലീൽ അഹ്‌മദാണ് മടക്കിയത്. 62 റൺസ് നീണ്ട കൂട്ടുകെട്ടിനൊടുവിലാണ് മനോഹർ പുറത്തായത്.

അവസാന ഓവറുകളിൽ രാഹുൽ തെവാട്ടിയ അനായാസം ബൗണ്ടറികൾ കണ്ടെത്തി. ആൻറിച് നോർക്കിയ എറിഞ്ഞ 19ആം ഓവറിലെ അവസാന മൂന്ന് പന്തുകളും ബൗണ്ടറിയ്ക്ക് പുറത്തേക്ക് പറത്തിയ തെവാട്ടിയ ഗുജറാത്തിനെ അവിശ്വസനീയ ജയത്തിനരികെ എത്തിച്ചു. ഇശാന്ത് ശർമ എറിഞ്ഞ അവസാന ഓവറിൽ 12 റൺസായിരുന്നു വിജയലക്ഷ്യം. ഓവറിലെ നാലാം പന്തിൽ തെവാട്ടിയ പുറത്ത്. 7 പന്തിൽ 20 റൺസ് നേടിയാണ് തെവാട്ടിയ മടങ്ങിയത്. ഓവറിൽ വെറും 6 റൺസ് വിട്ടുനൽകിയ ഇശാന്ത് ഡൽഹിയ്ക്ക് അവിസ്‌മരണീയ ജയം സമ്മാനിച്ചു.