Cricket Sports

പൃഥ്വി ഷോ; ഡൽഹിക്ക് കൂറ്റൻ ജയം

കൊൽക്കത്ത നൈട് റൈഡേഴ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് ജയം. 7 വിക്കറ്റിനാണ് ഡൽഹി വിജയിച്ചത്. കൊൽക്കത്ത ഉയർത്തിയ 155 റൺസ് വിജയലക്ഷ്യം 16.3 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി ഡൽഹി മറികടക്കുകയായിരുന്നു. 82 റൺസെടുത്ത പൃഥ്വി ഷാ ആണ് ഡൽഹിക്ക് അനായാസ ജയമൊരുക്കിയത്. ശിഖർ ധവാൻ (46) റൺസ് നേടി. കൊൽക്കത്തക്കായി പാറ്റ് കമ്മിൻസ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

ശിവം മവി എറിഞ്ഞ ആദ്യ ഓവറിലെ എല്ലാ പന്തുകളും നിലം പറ്റെ അതിർത്തി കടത്തിയാണ് പൃഥ്വി ഷാ ആരംഭിച്ചത്. ആ ഓവറിൽ ഒരു വൈഡ് അടക്കം പിറന്നത് 25 റൺസ്. ധവാനെ കാഴ്ചക്കാരനാക്കി പൃഥ്വി കത്തിക്കയറി. സ്പിന്നർമാരും പേസർമാരും മാറിമാറി എറിഞ്ഞിട്ടും കൊൽക്കത്തയ്ക്ക് ഈ കൂട്ടുകെട്ട് പൊളിക്കാനായില്ല. ബൗണ്ടറികൾക്ക് മേൽ ബൗണ്ടറികൾ പ്രവഹിച്ചതോടെ വെറും 18 പന്തുകളിൽ പൃഥ്വി ഫിഫ്റ്റി തികച്ചു. 10 വിക്കറ്റ് ജയത്തിലേക്ക് കുതിക്കുന്നതിനിടെ ശിഖർ ധവാനെ (46) പുറത്താക്കിയ പാറ്റ് കമ്മിൻസ് കൊൽക്കത്തയ്ക്ക് ബ്രേക്ക് ത്രൂ നൽകി. പിന്നാലെ പൃഥ്വി ഷായെയും (82) ഋഷഭ് പന്തിനെയും (16) കമ്മിൻസ് തന്നെ പുറത്താക്കി. പക്ഷേ, വൈകിപ്പോയിരുന്നു. സ്റ്റോയിനിസും (6) ഷിംറോൺ ഹെട്‌മെയറും ചേർന്ന് ഡൽഹിയെ അനായാസം വിജയത്തിലെത്തിച്ചു.