Cricket Sports

‘എത്ര വലിയ ടീമായാലും ഫൈനലിൽ നന്നായി കളിക്കണം’; കൈഫിന് മറുപടിയുമായി വാർണർ

മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫിന് മറുപടിയുമായി ഓസ്‌ട്രേലിയൻ താരം ഡേവിഡ് വാർണർ. എത്ര വലിയ ടീമായാലും ഫൈനലിൽ നന്നായി കളിക്കണം. ആ ഒറ്റ ദിവസത്തെ പ്രകടനമാണ് വിജയിയെ തീരുമാനിക്കുകയെന്നും വാർണർ പറഞ്ഞു. ഈ ലോകകപ്പിലെ ഏറ്റവും മികച്ച ടീമാണ് ഇന്ത്യയെന്നും, മികച്ച ടീമാണ് ലോകകപ്പ് നേടിയതെന്ന് അംഗീകരിക്കാനാകില്ലെന്നുമാണ് കൈഫ് അഭിപ്രായപ്പെട്ടത്.

‘എനിക്ക് മുഹമ്മദ് കൈഫിനെ ഇഷ്ടമാണ്. പ്രശ്നം എന്തെന്നാൽ കടലാസിലെ കരുത്തല്ല, നിർണായക മത്സരങ്ങളിൽ നന്നായി കളിക്കുക എന്നതിനാണ് പ്രധാനം. അതുകൊണ്ടാണ് അതിനെ ഫൈനൽ എന്ന് വിളിക്കുന്നത്. ആ ദിവസമാണ് ഏറ്റവും പ്രധാനം, സ്പോർട്സിൽ എന്തും സംഭവിക്കാം… ‘2027’ ഇതാ ഞങ്ങൾ വരുന്നു…’-ഡേവിഡ് വാർണർ ട്വീറ്റ് ചെയ്തു.മുൻ കമന്റേറ്റർ ഗ്ലെൻ മിച്ചലും കൈഫിന്റെ പരാമർശത്തിനെതിരെ രംഗത്തെത്തിയിരുന്നു. ലോകകപ്പ് ഫൈനൽ വിജയിക്കുന്നത് മൈതാനത്താണ്, കടലാസിലല്ലെന്ന് മുൻ ഇന്ത്യൻ ബാറ്റ്‌സ്മാൻ മുഹമ്മദ് കൈഫിനെ ആരെങ്കിലും ഓർമിപ്പിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. ഫൈനൽ വിജയിച്ച ടീം വ്യക്തമായും ലോകകപ്പിലെ ഏറ്റവും മികച്ച ടീമാണെന്നും സത്യത്തിൽ നിന്ന് തെന്നിമാറാൻ ആഗ്രഹിക്കുന്നവർ മാത്രമേ അത് നിഷേധിക്കുകയുള്ളൂവെന്നും ഗംഭീർ നേരത്തെ വ്യക്തമായ നിലപാട് എടുത്തിരുന്നു.