കളിക്കളത്തിലെ ആക്രമണോത്സുക സ്വഭാവത്തിന് കുറവു വരുത്തുമെന്ന് ഓസീസ് ഓപ്പണർ ഡേവിഡ് വാർണർ. രാജ്യാന്തര ക്രിക്കറ്റിൽ തനിക്ക് ഇനി ഒരുപാട് കാലം ബാക്കിയില്ലെന്നും അതുകൊണ്ട് തന്നെ കളിയിൽ മാത്രം ശ്രദ്ധിക്കാനാണ് ശ്രമമെന്നും വാർണർ പറഞ്ഞു. തന്നെ സ്ലെഡ്ജ് ചെയ്താലും തിരികെ സ്ലെഡ്ജ് ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രഖ്യാപനം.
സ്ലെഡ്ജിംഗ് നടത്തുമ്പോൾ ഒരു ടീമിനെ മുഴുവൻ ബാധിക്കും. താരങ്ങൾക്ക് ഏകാഗ്രത നഷ്ടമാവും. അതുകൊണ്ട് കളിയിൽ ശ്രദ്ധിക്കാനാണ് ശ്രമം എന്നും വാർണർ കൂട്ടിച്ചേർത്തു. ഇന്ത്യക്കെതിരായ ടി-20, ഏകദിന, ടെസ്റ്റ് പരമ്പരകൾക്ക് മുന്നോടിയായാണ് വാർണറുടെ പ്രഖ്യാപനം.
നവംബർ 27ന് ഏകദിന പരമ്പരയോടെയാണ് ഇന്ത്യൻ പര്യടനം ആരംഭിക്കുക. മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളും നാല് ടെസ്റ്റ് മത്സരങ്ങളുമാണ് പര്യടനത്തിൽ ഉള്ളത്. ടെസ്റ്റ് പരമ്പരക്കിടെ ക്യാപ്റ്റൻ വിരാട് കോലിക്ക് ബിസിസിഐ പറ്റേണിറ്റി ലീവ് അനുവദിച്ചിട്ടുണ്ട്. നാല് ടെസ്റ്റ് മത്സരങ്ങളിൽ അവസാന മൂന്നെണ്ണത്തിലും കോലി ഉണ്ടാവില്ല. കോലിയുടെ അഭാവത്തിൽ രോഹിത് ശർമ്മയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ഏകദിന, ടി-20 ടീമുകളിൽ രോഹിത് ഇല്ല. ഏകദിന ടീമിൽ ബാക്കപ്പ് വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസൺ ഇടം നേടി. ഔദ്യോഗിക വാർത്താ കുറിപ്പിലൂടെ ബിസിസിഐ തന്നെയാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.