Cricket Sports

സമ്മിയെ അധിക്ഷേപിച്ചവരില്‍ ആദ്യത്തെയാള്‍ വിളിച്ചു, സംസാരിച്ചു

തന്നെ അധിക്ഷേപിച്ചവര്‍ നേരിട്ട് സംസാരിച്ചില്ലെങ്കില്‍ പേരുകള്‍ തുറന്നുപറയുമെന്ന മുന്നറിയിപ്പിന് പിന്നാലെയാണ് ഐ.പി.എല്ലിലെ സമ്മിയുടെ മുന്‍സഹതാരം വിളിച്ചത്.

ഐ.പി.എല്ലിനിടെ വംശീയാധിക്ഷേപം നടത്തിയെന്ന വെളിപ്പെടുത്തല്‍ നടത്തിയ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ഡാരന്‍ സമ്മിയെ തേടി ആദ്യ ഫോണ്‍കോളെത്തി. തന്നെ അധിക്ഷേപിച്ചവര്‍ നേരിട്ട് സംസാരിച്ചില്ലെങ്കില്‍ പേരുകള്‍ തുറന്നുപറയുമെന്ന മുന്നറിയിപ്പിന് പിന്നാലെയാണ് മുന്‍സഹതാരം വിളിച്ചത്. ഇക്കാര്യം സമ്മി തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനുവേണ്ടി ഐ.പി.എല്ലില്‍ കളിക്കുന്നതിനിടെ തന്നെയും ശ്രീലങ്കന്‍ ഓള്‍ റൗണ്ടര്‍ തിസാര പെരേരയേയും നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ചിരുന്നുവെന്നാണ് സമ്മി വെളിപ്പെടുത്തിയത്. സഹതാരങ്ങളില്‍ പലരും ‘കാലു'(കറുത്തവന്‍) എന്ന് വിളിച്ചിരുന്നെന്നും അന്നതിന്റെ അര്‍ഥം അറിഞ്ഞിരുന്നില്ലെന്നും പിന്നീട് അറിഞ്ഞപ്പോള്‍ വല്ലാത്ത ദേഷ്യം തോന്നിയെന്നും സമ്മി പറഞ്ഞിരുന്നു.

‘കൂട്ടത്തില്‍ ഒരു സഹതാരവുമായി ഗംഭീരമായൊരു സംഭാഷണമുണ്ടായെന്ന് സന്തോഷത്തോടെ അറിയിക്കട്ടെ. മോശം കാര്യങ്ങളേക്കാള്‍ ഇത്തരം കാര്യങ്ങളില്‍ ധാരണയുണ്ടാക്കേണ്ട ആവശ്യത്തെക്കുറിച്ചാണ് സംസാരിച്ചത്. സ്‌നേഹത്തിന്റെ പേരിലായിരുന്നു പെരുമാറ്റമെന്ന് ആ സഹോദരന്‍ ഉറപ്പുതന്നു. ഞാനത് വിശ്വസിക്കുന്നു’എന്നാണ് സമ്മിയുടെ ട്വീറ്റ്.

ഇതിനിടെ 2014ലെ ഇഷാന്ത് ശര്‍മ്മയുടെ ഇന്‍സ്റ്റഗ്രാം ഫോട്ടോയും ആരാധകര്‍ സംഭവവുമായി ബന്ധപ്പെട്ട് കുത്തിപ്പൊക്കിയിരുന്നു. ഇതില്‍ സഹതാരങ്ങളായ ഭുവനേശ്വര്‍ കുമാര്‍, ഡേല്‍ സ്റ്റെയിന്‍, സമ്മി എന്നിവര്‍ക്കൊപ്പമുള്ള ചിത്രമാണ് ഇഷാന്ത് പങ്കുവെച്ചിരിക്കുന്നത്. അതിന് ‘ഞാന്‍, ഭുവി, കാലു, ഗണ്‍ സണ്‍റേസേഴ്സ്’ എന്നാണ് അടിക്കുറിപ്പിട്ടിരിക്കുന്നത്. സഹതാരങ്ങള്‍ കാലു എന്ന് വിളിച്ചിരുന്നുവെന്ന സമ്മിയുടെ ആരോപണത്തിന് തെളിവായി ഇത് മാറി.