Cricket Sports

തിരിച്ചുവരവില്‍ കപില്‍ദേവിന്റെ റെക്കോര്‍ഡും മറികടന്ന് സ്റ്റെയിന്‍

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ദേവിന്റെ റെക്കോര്‍ഡ് തകര്‍ത്ത് ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയില്‍ സ്റ്റെയിന്‍. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയെന്ന നേട്ടത്തിലാണ് സ്റ്റെയിന്‍ കപില്‍ദേവിനെ മറികടന്നത്. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റിലാണ് സ്റ്റെയിന്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്‌സില്‍ നാല് ശ്രീലങ്കന്‍ താരങ്ങളാണ് സ്റ്റെയിനിന്റെ ഏറില്‍ പുറത്തായത്. ഇതോടെ ടെസ്റ്റ് കരിയറില്‍ താരത്തിന് 437 വിക്കറ്റുകളായി.

433 വിക്കറ്റുകളായിരുന്നു മത്സരം തുടങ്ങുന്നതിന് മുമ്പ് സ്റ്റെയിനിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. രണ്ട് വിക്കറ്റ് വീഴ്ത്തി കപില്‍ദേവിന്റെ റെക്കോര്‍ഡ് മറികടക്കുകയായിരുന്നു. പരിക്ക് കാരണം ഏറെക്കാലം ടീമിന് പുറത്തായിരുന്നു സ്റ്റെയിന്‍. പിന്നാലെ വിരമിക്കല്‍ വാര്‍ത്തകളും പരന്നു. 800 വിക്കറ്റ് വീഴ്ത്തിയ ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനാണ് വിക്കറ്റ് വേട്ടയില്‍ മുന്നില്‍. ആസ്‌ട്രേലിയയുടെ ഷെയിന്‍ വോണ്‍(708) ഇന്ത്യയുടെ അനില്‍ കുംബ്ലെ(619)ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സണ്‍(575) ആസ്‌ട്രേലിയയുടെ മഗ്രാത്ത്(563) എന്നിവരാണ് സ്റ്റെയിന് മുന്നിലുള്ളത്.

വിരമിക്കലിന് അടുത്തെത്തിയെന്ന് പലരും പറഞ്ഞു. അതിനിടെ വീണ്ടും വിക്കറ്റെടുത്ത് നാഴികക്കല്ല് പിന്നിടാനായതില്‍ സന്തോഷം എന്നായിരുന്നു സ്റ്റെയിനിന്റെ മറുപടി. അതേസമയം ലോകകപ്പോടെ സ്റ്റെയിന്‍ കളി മതിയാക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍.