Cricket

അപാരം, ഈ ആരാധന; ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ പരിശീലനം കാണാൻ ആരാധകരുടെ ഒഴുക്ക്

ഐപിഎൽ സീസണൊരുങ്ങുന്ന ചെന്നൈ സൂപ്പർ കിംഗ്സ് ടീമിൻ്റെ പരിശീലനം കാണാൻ ആരാധകരുടെ ഒഴുക്ക്. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഹോം – എവേ രീതിയിൽ നടക്കുന്ന ഐപിഎലിൽ തങ്ങളുടെ ഹോം ഗ്രൗണ്ടായ ചെപ്പോക്കിലാണ് ചെന്നൈ സൂപ്പർ കിംഗ്സ് പരിശീലനം നടത്തുന്നത്. ഈ പരിശീലനം കാണാൻ ആരാധകർ ഒഴുകിയെത്തുകയാണ്. ഗുജറാത്ത് ജയൻ്റ്സുമായുള്ള ഉദ്ഘാടന മത്സരത്തിൻ്റെ ടിക്കറ്റ് മണിക്കൂറുകൾക്കകം വിറ്റുപോയിരുന്നു.

ആയിരക്കണക്കിന് ആരാധകരാണ് ഐപിഎലിനു മുൻപ് തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ കാണാൻ സ്റ്റേഡിയത്തിൽ തടിച്ചുകൂടുന്നത്. പരിശീലനത്തിനിടെ താരങ്ങൾ കളിക്കുന്ന ഓരോ ഷോട്ടുകളെയും ആരവത്തോടെ ആരാധകർ ഏറ്റെടുക്കുന്നു. ഇതിൻ്റെ ദൃശ്യങ്ങൾ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ചെന്നൈ സൂപ്പർ കിംഗ്സ് പങ്കുവച്ചിട്ടുണ്ട്.

വരുന്ന ഐപിഎൽ സീസൺ മുതൽ ടോസ് ഇട്ടതിനു ശേഷമേ ഫസ്റ്റ് ഇലവനെ പ്രഖ്യാപിക്കൂ. ഫസ്റ്റ് ഇലവൻ താരങ്ങൾക്കൊപ്പം 5 സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡർമാരെയും പ്രഖ്യാപിക്കണം. കഴിഞ്ഞ സീസൺ വരെ കോയിൻ സ്പിൻ ചെയ്യുന്നതിനു മുൻപ് ഇരു ക്യാപ്റ്റന്മാരും ഫൈനൽ ഇലവൻ പരസ്പരം കൈമാറിയിരുന്നു. ഈ പതിവിനാണ് ഇതോടെ അവസാനമാവുക.

വരുന്ന സീസൺ മുതൽ ഐപിഎലിൽ ഇംപാക്ട് പ്ലയർ നിയമം കൊണ്ടുവരികയാണ്. അതുകൊണ്ട് തന്നെ പിച്ചിൻ്റെ സ്വഭാവവും ടോസും പരിഗണിച്ച് ടീം പ്രഖ്യാപിക്കാൻ ഈ നീക്കം സഹായിക്കും. അഞ്ച് സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡർമാരിൽ നിന്നാണ് ആവശ്യമെങ്കിൽ ഇംപാക്ട് പ്ലയറെ തെരഞ്ഞെടുക്കേണ്ടത്.

ബൗളർ പന്തെറിഞ്ഞ് ബാറ്റർ പന്തിൽ ബാറ്റ് തൊടുന്നത് വരെയുള്ള സമയത്തിൽ വിക്കറ്റ് കീപ്പർ പൊസിഷൻ മാറിയാൽ അത് ഡെഡ് ബോൾ ആണ്. ഇത്തരം അവസരങ്ങളിൽ ബാറ്റിംഗ് ടീമിന് അഞ്ച് പെനാൽറ്റി റൺസ് ലഭിക്കും.