ഐ.പി.എല്ലിലെ രണ്ടാം ക്വാളിഫയറിൽ ഗംഭീര തിരിച്ചു വരവ് നടത്തി ആരാധകരുടെ ഇഷ്ടം പിടിച്ച് പറ്റിയിരിക്കുകയാണ് പ്രീമിയര്‍ ലീഗ് ഫേവറിറ്റുകളായ ചെന്നെെ സൂപ്പർ കിങ്സ്. എന്നാൽ ഡൽഹിക്കെതിരായ ക്വാളിഫയർ മത്സരം, ചാമ്പ്യൻസ് ലീഗിലെ ബാഴ്സ-ലിവർപൂൾ മത്സരം പോലെ തോന്നിച്ചെന്നാണ് ക്രിക്കറ്റ് ഇതിഹാസം വിവ് റിച്ചാർഡ്സ് പറഞ്ഞത്. ആദ്യ ക്വാളിഫയറിൽ മുംബെെയോട് പരാജയപ്പെട്ട ചെന്നെെ, രണ്ടാം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ ആറ് വിക്കറ്റിന് തകർത്താണ് കലാശക്കളിക്ക് യോഗ്യത നേടിയത്.
യുവരക്തങ്ങളുടെ ഡൽഹി ക്യാപിറ്റൽസിനെ പരിചയസമ്പന്നതയുടെ ചെന്നെെ മലർത്തിയടിക്കുകയാണുണ്ടായതെന്ന് മുൻ വിൻഡീസ് നായകന്‍ പറഞ്ഞു. ക്രിക്കറ്റിന്റെ എല്ലാ എനർജിയും ഉൾക്കൊണ്ടിട്ടുള്ള ടീമാണ് സൂപ്പർ കിങ്സ്. മത്സരത്തിന്റെ ഗതി ഒറ്റക്ക് നിയന്ത്രിക്കാൻ പോന്ന ധോണിയും ടീമിന്റെ മുതൽക്കൂട്ടാണ്. എന്നാൽ ടീം വർക്കിലൂടെ നേടിയ അവസാന മത്സരം, ലിവർപൂൾ – ബാഴ്സ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തെയാണ് ഓർമ്മിപ്പിച്ചതെന്ന് താരം കൂട്ടിച്ചേർത്തു.
ചാമ്പ്യൻസ് ലീഗിലെ ആദ്യ പാദ മത്സരത്തിൽ ബാഴ്സയോട് 3-0ന് പിന്നിൽ നിന്ന ലിവർപൂൾ, ആവേശകരമായ രണ്ടാം പാദത്തിൽ മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് ബാഴ്സയെ പരാജയപ്പെടുത്തി ഫെെനലിൽ പ്രവേശിക്കുകയായിരുന്നു.