ഇന്ത്യൻ സ്റ്റാർ പേസർ മുഹമ്മദ് ഷമിയുടെ ഗ്രാമത്തിൽ മിനി സ്റ്റേഡിയവും ജിംനേഷ്യവും ഒരുങ്ങുന്നു. ഷമി ജനിച്ചുവളർന്ന ഉത്തർപ്രദേശിലെ അംറോഹ ജില്ലയിലെ ഗ്രാമത്തിലാണ് ഇവ നിർമ്മിക്കുന്നത്. ഇത് സംബന്ധിച്ച നിർദ്ദേശം അംറോഹ ജില്ലാ ഭരണകൂടം സംസ്ഥാന സർക്കാരിന് കൈമാറും. ഏകദിന ലോകകപ്പിലെ ഷമിയുടെ മിന്നും പ്രകടനത്തിന് പിന്നാലെയാണ് തീരുമാനം.
അംറോഹ ജില്ലയിലെ സഹസ്പൂർ അലിനഗർ ഗ്രാമത്തിലാണ് മുഹമ്മദ് ഷമി ജനിച്ചുവളർന്നത്. മിനി സ്റ്റേഡിയവും ജിംനേഷ്യവും നിർമിക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിനായി വെള്ളിയാഴ്ച അംറോഹ ജില്ലാ മജിസ്‌ട്രേറ്റിൻ്റെ നേതൃത്വത്തിലുള്ള സംഘം ഷാമി ഗ്രാമം സന്ദർശിച്ചിരുന്നു. ഗ്രാമത്തിൽ ആവശ്യത്തിന് സ്ഥലമുണ്ടെന്നും, നിർദേശം ഉടൻ സർക്കാരിന് കൈമാറുമെന്നും ജില്ലാ മജിസ്‌ട്രേറ്റ് രാജേഷ് ത്യാഗി (ഐഎഎസ്) പറഞ്ഞു.
ലോകകപ്പിൽ ഇന്ത്യയുടെ ഹീറോയാണ് മുഹമ്മദ് ഷമി. ഹാർദിക് പാണ്ഡ്യയ്ക്ക് പകരക്കാരനായി ഇറങ്ങിയ ഷമി, ടൂർണമെന്റിൽ വെറും ആറ് മത്സരങ്ങളിൽ നിന്ന് 23 വിക്കറ്റുകളാണ് വീഴ്ത്തിയത്. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരം കൂടിയാണ് അദ്ദേഹം.