ലോകകപ്പ് ക്രിക്കറ്റിന് അരങ്ങുണരാന്‍ ഇനി 30 നാള്‍. മെയ് 30ന് ആതിഥേയരായ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലാണ് പന്ത്രണ്ടാം ലോകകപ്പിലെ ഉദ്ഘാടന മത്സരം. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
കാത്തിരിപ്പ് ചുരുങ്ങുകയാണ്, ഒരു മാസത്തിനപ്പുറം ക്രിക്കറ്റ് ലോകത്തിന്റെ കണ്ണുകള്‍ 22 വാര നീളമുള്ള ദീര്‍ഘ ചതുരത്തിലേക്ക് കേന്ദ്രീകരിക്കപ്പെടും. നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയ, ആതിഥേയരായ ഇംഗ്ലണ്ട്, ആരെയും വീഴ്ത്താന്‍ പോന്ന ദക്ഷിണാഫ്രിക്ക, ന്യൂസിലന്റ്, പാകിസ്താന്‍. അട്ടിമറിക്ക് കോപ്പ് കൂട്ടി വെസ്റ്റിന്‍ഡീസും ബംഗ്ലാദേശും, ശ്രീലങ്കയും. അല്‍ഭുതം കാട്ടാന്‍ അഫ്ഗാനിസ്താന്‍. ഒപ്പം 130 കോടി ജനങ്ങളുടെ സ്വപ്നങ്ങളുമായി ടീം ഇന്ത്യയും.
റൗണ്ട് റോബിന്‍ ഫോര്‍മാറ്റിലാണ് പ്രാഥമിക റൗണ്ട് മത്സരങ്ങള്‍. പത്ത് ടീമുകളും പരസ്പരം ഏറ്റുമുട്ടും. ആദ്യ നാലില്‍ എത്തുന്ന ടീമുകള്‍ തമ്മിലാകും സെമി പോരാട്ടം. ജൂലൈ 14ന് ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്‌സില്‍ കലാശപ്പോര്.
ഇംഗ്ലണ്ടിലും വെയില്‍സിലുമായി ക്രിക്കറ്റ് പൂരം കൊട്ടിക്കയറുമ്പോള്‍ കണ്ണുകള്‍ തുറന്നുവെക്കാം ആവേശക്കാഴ്ചകള്‍ക്ക്, കാതുകള്‍ കൂര്‍പ്പിക്കാം ആ ഇരമ്പലുകള്‍ക്ക്.