ലോകകപ്പിൽ ഇന്ന് ശ്രീലങ്കയും ബംഗ്ലാദേശും തമ്മിൽ ഏറ്റുമുട്ടും. ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 2 മണിക്ക് മത്സരം ആരംഭിക്കും. പോയിൻ്റ് പട്ടികയിൽ യഥാക്രമം ഏഴ്, ഒൻപത് സ്ഥാനങ്ങളിലുള്ള ഇരു ടീമുകൾക്കും ഇന്ന് ജയം അനിവാര്യമാണ്. പട്ടികയിലെ അവസാന സ്ഥാനം ഒഴിവാക്കലും ചാമ്പ്യൻസ് ട്രോഫിയിലേക്ക് യോഗ്യത നേടലുമാവും ഇരു ടീമുകളുടെയും പ്രധാന അജണ്ട. ക്രിക്കറ്റ് ബോർഡ് പിരിച്ചുവിട്ടത് ശ്രീലങ്കൻ ടീമിന് കളത്തിനു പുറത്തെ തലവേദന കൂടിയാണ്.
പാത്തും നിസങ്കയുടെ ഗംഭീര ഫോം ശ്രീലങ്കയ്ക്ക് ആശ്വാസമാവുന്നുണ്ട്. കുശാൽ മെൻഡിസ്, സദീര സമരവിക്രമ, ആഞ്ചലോ മാത്യൂസ് എന്നിവരൊക്കെയാണ് ബാറ്റിംഗിൽ ശ്രീലങ്കയുടെ കരുത്ത്. ടൂർണമെൻ്റിലെ വിക്കറ്റ് വേട്ടക്കാരിൽ രണ്ടാമതുള്ള ദിൽഷൻ മധുശങ്കയ്ക്കൊപ്പം ദുഷ്മന്ത ചമീരയും കഴിഞ്ഞ കളിയിൽ മികച്ചുനിന്നു. ദുനിത് വെല്ലാലഗെ ടീമിൽ തിരികെ എത്തിയേക്കും.
ബംഗ്ലാദേശ് നിരയിൽ മഹ്മൂദുള്ളയാണ് സ്ഥിരതയാർന്ന പ്രകടനങ്ങൾ നടത്തുന്നത്. ലിറ്റൺ ദാസ്, ഷാക്കിബ് അൽ ഹസൻ തുടങ്ങിയവർ ചില മെച്ചപ്പെട്ട പ്രകടനങ്ങൾ നടത്തി. ടാസ്കിൻ അഹ്മദാണ് ബൗളിംഗിൽ മികച്ചുനിൽക്കുന്നത്. ടീമിൽ മാറ്റമുണ്ടായേക്കില്ല.