Cricket

ലോകകപ്പിൽ ഇന്ന് കരുത്തർ കളത്തിൽ; ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കക്കെതിരെ

ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് കരുത്തർ നേർക്കുനേർ. ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഇന്നത്തെ മത്സരം. ലക്നൗ ഏകന സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 2 മണിക്ക് മത്സരം ആരംഭിക്കും. ആദ്യ കളിയിൽ ഓസ്ട്രേലിയ ഇന്ത്യക്കെതിരെ പരാജയപ്പെട്ടപ്പോൾ ദക്ഷിണാഫ്രിക്ക ശ്രീലങ്കക്കെതിരായ ആദ്യ മത്സരത്തിൽ ആധികാരിക ജയം നേടിയിരുന്നു.

ചെന്നൈയിൽ ലോകേഷ് രാഹുലിൻ്റെയും വിരാട് കോലിയുടെയും നിശ്ചയദാർഢ്യത്തിനു മുന്നിലാണ് ഓസ്ട്രേലിയ വീണത്. 2 റൺസ് എടുക്കുന്നതിനിടെ ഇന്ത്യയുടെ മൂന്ന് വിക്കറ്റുകൾ നേടിയെങ്കിലും ഓസ്ട്രേലിയക്ക് കളി വിജയിക്കാനായില്ല. ഇന്ത്യൻ ബൗളിംഗിനു മുന്നിൽ വിറച്ച ഓസീസ് 199 റൺസിന് ഓൾ ഔട്ടായെന്നത് ഇതിനോട് ചേർത്തുവായിക്കണം. ഈ മോശം പ്രകടനം കഴുകിക്കളയുക എന്ന ലക്ഷ്യത്തോടെയാവും ഓസ്ട്രേലിയ ഇന്ന് ഇറങ്ങുക.

മറുവശത്ത്, ഒരുപിടി റെക്കോർഡുകൾക്കൊപ്പമാണ് ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ തകർത്തത്. ലോകകപ്പിലെ ഏറ്റവും വേഗതയുള്ള സെഞ്ചുറി നേടിയ എയ്ഡൻ മാർക്രത്തിനൊപ്പം ക്വിൻ്റൺ ഡികോക്കും റസ്സി വാൻ ഡർ ഡസ്സനും സെഞ്ചുറിയടിച്ചപ്പോൾ ദക്ഷിണാഫ്രിക്ക നേടിയത് നിശ്ചിത 50 ഓവറിൽ 428 റൺസെന്ന പടുകൂറ്റൻ സ്കോർ. ശ്രീലങ്ക പൊരുതിനോക്കിയെങ്കിലും അവർ 326 റൺസിന് ഓൾ ഔട്ടായി. ദക്ഷിണാഫ്രിക്കയ്ക്ക് 102 റൺസ് ജയം. നിലവിൽ ടൂർണമെൻ്റിലെ ഉയർന്ന നെറ്റ് റൺ റേറ്റ് ദക്ഷിണാഫ്രിക്കയ്ക്കാണ്.

ചെന്നൈ പോലെ ലക്നൗവും സ്പിന്നിനെ തുണയ്ക്കുന്ന പിച്ചാണ്. അതുകൊണ്ട് തന്നെ ഇരു ടീമുകളും അവസാന ഇലവനിൽ മാറ്റം വരുത്തുമോ എന്ന് കണ്ടറിയണം.