Cricket Sports

ക്രിക്കറ്റ് ഒരു കളിയല്ല; അംഗീകാരം നൽകാനാവില്ലെന്ന് റഷ്യ

ഭൂഗോളത്തിലുടനീളം ആരാധകരുണ്ടെങ്കിലും ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ രാജ്യമായ റഷ്യയിൽ ഒരു കളിയല്ല. ക്രിക്കറ്റിനെ ഒരു ഗെയിം ആയി ഔദ്യോഗികമായി അംഗീകരിക്കാനാവില്ലെന്ന് റഷ്യൻ കായിക മന്ത്രാലയം വ്യക്തമാക്കി. ക്രിക്കറ്റിന് രാജ്യത്ത് വേണ്ടത്ര ആരാധകരില്ലെന്നും 20 മേഖലകളിൽ മാത്രമേ സാന്നിധ്യമുള്ളൂവെന്നുമാണ് അംഗീകാരം നൽകാൻ വിസമ്മതിച്ചു കൊണ്ട് മന്ത്രാലയം വ്യക്തമാക്കിയത്. 48 മേഖലകളുടെയെങ്കിലും പ്രാതിനിധ്യമുള്ള ഗെയിമുകൾക്കു മാത്രമേ മന്ത്രാലയം അംഗീകാരം നൽകൂ.

ഔദ്യോഗിക അംഗീകാരത്തിനായി ഇത്തവണ അപേക്ഷിക്കുമ്പോൾ വേണ്ടത്ര രേഖകൾ ഉണ്ടായിരുന്നില്ലെന്നും കൂടുതൽ മേഖലകളിലേക്ക് കളി വ്യാപിപ്പിക്കുമെന്നും മോസ്‌കോ ക്രിക്കറ്റ് ഫെഡറേഷൻ അംഗം അലക്‌സാണ്ടർ സൊകോറിനെ ഉദ്ധരിച്ച് റഷ്യയിലെ ഔദ്യോഗിക വാർത്താ ചാനലായ ആർ.ടി റിപ്പോർട്ട് ചെയ്തു. അടുത്ത വർഷത്തോടെ അംഗീകാരം നേടാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ കണക്കുപ്രകാരം ആരംഭകാലത്തു തന്നെ റഷ്യയിൽ ക്രിക്കറ്റുണ്ട്. 1870-ൽ സെന്റ് പീറ്റേഴ്‌സ്ബർഗിൽ മത്സരങ്ങൾ നടന്നിരുന്നു. 1900, 1904 ഒളിംപിക്‌സുകളിലും ക്രിക്കറ്റ് ഉണ്ടായിരുന്നു. എന്നാൽ, 2009-ൽ മാത്രമാണ് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി ഒരു മത്സര കായിക ഇനമായി ക്രിക്കറ്റിനെ അംഗീകരിച്ചത്.