ആന്ദ്രേ റസൽ ഒരിക്കൽ കൂടി ക്രീസില്‍ വെടിക്കെട്ട് തീർത്തപ്പോൾ, ബംഗളുരുവിനെതിരെ കൊൽക്കത്ത നെെറ്റ്റെെഡേഴ്സിന് 5 വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്സ്, ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ (49 പന്തിൽ നിന്നും 84) കരുത്തിൽ നിശ്ചിത ഓവറിൽ മൂന്ന് വിക്കറ്റിന് 205 റൺസെടുത്തപ്പോൾ, 5 പന്തുകള്‍ ബാക്കിയിരിക്കെ നെെറ്റ്റെെഡേഴ്സ് ലക്ഷ്യം കാണുകയായിരുന്നു.
വലിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ കൊൽക്കത്തക്കായി ക്രിസ് ലിൻ 43 റൺസെടുത്തു. സുനിൽ നരെയ്ൻ പത്ത് റൺസെടുത്ത് പുറത്തായി. തുടർന്ന് റോബിൻ ഉത്തപ്പയും (25 പന്തൽ നിന്ന് 33) നിതീഷ് റാണയും (23 പന്തിൽ നിന്നും 37) ടീമിന്റെ രക്ഷാപ്രവർത്തനം ഏറ്റെടുത്തെങ്കിലും, പാതി വഴിയിൽ വീണുപോവുകയായിരുന്നു. എന്നാൽ കൂറ്റനടികളുമായി റസൽ ക്രീസ് വാണപ്പോൾ, കൊൽക്കത്ത വെന്നിക്കൊടി പാറിക്കുകയായിരുന്നു.
ഏഴ് കൂറ്റൻ സിക്സറുകളും, ഒരു ബൗണ്ടറിയുമായിരുന്നു റസലിന്റെ ബാറ്റിൽ നിന്നും പറന്നത്. ബംഗളുരുവിനായി നവ്ദീപ് സെെനിയും പവൻ നേഗിയും രണ്ട് വിക്കറ്റ് വീതമെടുത്തപ്പോൾ, ചാഹൽ ഒരു വിക്കറ്റെടുത്തു.
നേരത്തെ, 49 പന്തിൽ നിന്നും 9 ബൗണ്ടറിയും രണ്ട് സിക്സറുമടക്കം 84 റൺസെടുത്ത കോഹ്‍ലിയും 32 പന്തിൽ 63 റൺസെടുത്ത എബി ഡിവില്ലിയേഴ്സും ചേർന്നാണ് ബംഗളുരുവിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. പാർഥീവ് പട്ടേൽ 25 റൺസെുടുത്ത് പുറത്തായി. കൊൽക്കത്തക്കായി സുനിൽ നരെയ്ൻ, കുൽദീപ് യാദവ്, നിതീഷ് റാണ എന്നിവർ ഓരോ വിക്കറ്റ് വീതമെടുത്തു.