ക്രിക്കറ്റ് ലോകകപ്പ് ഫൈനലിലെ ഓവര്‍ത്രോ വിവാദത്തില്‍ അമ്പയര്‍ കുമാര്‍ ധര്‍മസേനയെ പിന്തുണച്ച് ഐ.സി.സി. മത്സരത്തിനിടെ അമ്പയര്‍ എടുത്ത തീരുമാനം ശരിയാണെന്ന് ഐ.സി.സി പറയുന്നു. ലോകകപ്പിന് ശേഷം ആദ്യമായാണ് ഐ.സി.സിയുടെ പ്രതികരണം വരുന്നത്.
ന്യൂസിലാന്‍ഡിനെതിരെ ഇംഗ്ലണ്ടിന്റെ ബെൻസ് സ്റ്റോക്സ് കളിച്ച ഷോട്ട് മാർട്ടിൻ ഗപ്റ്റിൽ ഫീൽഡ് ചെയ്ത് എറിയുകയും പന്ത് സ്റ്റോക്സിന്റെ ബാറ്റിൽ തട്ടി ബൗണ്ടറി കടക്കുകയുമായിരുന്നു. ഈ സമയം അമ്പയര്‍ ധര്‍മസേന ഇംഗ്ലണ്ടിന് ആറ് റണ്‍സ് നല്കി. എന്നാൽ ഗപ്റ്റിൽ ത്രോ എറിയുമ്പോൾ ബാറ്റ്സ്മാന്മാർ പരസ്പരം ക്രോസ് ചെയ്തിരുന്നില്ലെന്നും അവിടെ അനുവദിക്കേണ്ടിയിരുന്നത് അഞ്ച് റൺസായിരുന്നുവെന്നും മുന്‍ അമ്പയര്‍ സൈമണ്‍ ടോഫലിനെ പോലുള്ളവര്‍ പറഞ്ഞത്.
മത്സര ശേഷം റീപ്ലേ നോക്കിയപ്പോള്‍ തന്റെ തീരുമാനം തെറ്റാണെന്ന് ബോധ്യപ്പെട്ടെന്ന് ധര്‍മസേന പറഞ്ഞിരുന്നു. പക്ഷെ, ഗ്രൌണ്ടില് ആ സമയം റീപ്ലേ ലഭിക്കില്ല. അപ്പോള്‍ എന്ത് തീരുമാനമാണോ എടുത്തത് അതില്‍ ഖേദമില്ലെന്നും ധര്‍മസേന പറഞ്ഞു. ഇക്കാര്യത്തെ ന്യായീകരിക്കുന്നതാണ് ഐ.സി.സിയുടെ നിലപാട്.
ഗ്രൌണ്ടില് അമ്പയര്‍മാര്‍ എടുത്ത നിലപാട് ഉചിതമാണെന്നും ആറ് റണ്‍സ് കൊടുത്തതില്‍ തെറ്റായൊന്നുമില്ലെന്നാണ് ഐ.സി.സി പറയുന്നത്. ക്രിക്കറ്റ് നിയമങ്ങളെ കുറിച്ച് അവര്‍ക്ക് ധാരണയുണ്ടെന്നും വിവാദങ്ങള്‍ വേണ്ടതില്ലെന്നും ഐ.സി.സി പറയുന്നു.