തീപന്തുകളുമായി മിച്ചൽ സ്റ്റാർക്കും ബാറ്റു കൊണ്ട് കൗൾട്ടർനെെലും ഫീൽഡ് അടക്കിവാണപ്പോൾ ആസ്ത്രേലിയക്ക് മുന്നിൽ മുട്ടുമടക്കി വെസ്റ്റ് ഇൻഡീസ്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഒസീസ് 49 ഓവറിൽ 288 റൺസിന് ഓൾ ഔട്ടായപ്പോൾ, വിൻഡീസ് പോരാട്ടം നിശ്ചിത ഓവറിൽ 9 വിക്കറ്റിന് 273 റൺസിന് അവസാനിക്കുകയായിരുന്നു. വെസ്റ്റിൻഡീസിനോട് 15 റൺസിനാണ് ആസ്ത്രേലിയ ജയിച്ച് കയറിയത്. അഞ്ച് വിക്കറ്റെടുത്ത മിച്ചൽ സ്റ്റാർക്കാണ് കരീബിയൻ ബാറ്റിംഗിന്റെ നട്ടെല്ലൊടിച്ചത്.
മികച്ച തുടക്കം കിട്ടിയെങ്കിലും അനാവശ്യമായി വിക്കറ്റുകൾ കളഞ്ഞുകുളിച്ചത് വിൻഡീസിന് വിനയാവുകയായിരുന്നു. 68 റൺസെടുത്ത ഷയ് ഹോപ്പും നായകൻ ജെയ്സൻ ഹോൾഡറും (51) പ്രതീക്ഷ നൽകിയെങ്കിലും ലക്ഷ്യം കാണാനായില്ല. പൂരൻ 40ഉം ഗെയ്ൽ, ഹെറ്റ്മെയർ എന്നിവർ 21 റൺസ് വീതവുമെടുത്തു.
അവസാന ഓവറിൽ 32 റൺസ് വേണ്ടിയിരുന്ന ഘട്ടത്തിൽ തുടരെ നാല് ബൗണ്ടറികൾ നേടിയ അഷ്ലി നര്‍സ് ആവേശം നിറച്ചെങ്കിലും പക്ഷെ വെസ്റ്റ് ഇന്‍ഡീസിന് കളി ജയിക്കാൻ അത് മതിയാകുമായിരുന്നില്ല. സ്റ്റാർക്കിന് പുറമെ കുമ്മിൻസ് രണ്ടും സാംബ ഒരു വിക്കറ്റുമെടുത്തു.
നേരത്തെ, നഥാൻ കൗൾട്ടർനെെലിന്റെയും (60 പന്തിൽ 92) സ്റ്റീവ് സ്മിത്തിന്റെയും (73) കരുത്തിലാണ് ഓസീസ് ഭേദപ്പെട്ട സ്കോർ സ്വന്തമാക്കിയത്. മൂന്ന് റൺസെടുത്ത വാർണറും, ആറ് റൺസുമായി അരോൺ ഫിഞ്ചും എളുപ്പം പറത്തായപ്പോൾ, ക്രീസിലെത്തിയ സ്മിത്ത് നിലയുറപ്പിച്ച് മത്സരം ആസ്ത്രേലിയയുടെ വരുതിയിലാക്കുകയായിരുന്നു. 45 റൺസുമായി അലക്സ് കാരെ മികച്ച പിന്തുണ നൽകി.
കൗൾട്ടർനെെലാണ് കളിയിലെ കേമന്‍. വിൻഡീസിനായി ബ്രാത്‍വെയ്റ്റ് മൂന്ന് വിക്കറ്റെടുത്തു. ഒഷാൻ തോമസ്, കോട്ട്റെൽ, റസൽ എന്നിവർ രണ്ട് വിക്കറ്റ് വീതമെടുത്തു. ക്യാപ്റ്റൻ ഹോൾഡർ ഒരു വിക്കറ്റെടുത്തു.