Cricket Sports

ഇന്ത്യൻ ടീമിന്റെ ഉപദേശകനായി എംഎസ് ധോണി; ബിസിസിഐക്ക് പരാതി

ഇന്ത്യൻ ടീമിൻ്റെ ഉപദേശകനായി ദേശീയ ടീം മുൻ ക്യാപ്റ്റൻ എംഎസ് ധോണിയെ നിയമിച്ചതിൽ ബിസിസിഐക്ക് പരാതി. ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റനായ ധോണിയെ ഇന്ത്യൻ ടീം ഉപദേശകനായി നിയമിച്ചത് ഇരട്ട പദവിയാണെന്നാണ് പരാതി. മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ്റെ മുൻ അംഗം സഞ്ജീവ് ഗുപ്തയാണ് കോൺഫ്ലിക്റ്റ് ഓഫ് ഇൻ്ററസ്റ്റ് ചൂണ്ടിക്കാട്ടി അപക്സ് കൗൺസിലിന് പരാതി നൽകിയത്. (Conflict Interest Dhoni mentor)

ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലിയും ജനറൽ സെക്രട്ടറി ജയ് ഷായും ഉൾപ്പെടുന്ന സംഘമാണ് അപക്സ് കൗൺസിൽ. ധോണിയെ ഇന്ത്യൻ ടീം ഉപദേശകനായി നിയമിച്ചത് ബിസിസിഐ ഭരണഘടനയിലെ 38(4) നിബന്ധന പ്രകാരം നിയമവിരുദ്ധമാണെന്ന പരാതി പിന്നീട് കൗൺസിൽ ചർച്ച ചെയ്യും. നീക്കത്തിൻ്റെ നിയമസാധുത പരിശോധിച്ച് പിന്നീട് ഇക്കാര്യത്തിൽ അപക്സ് കൗൺസിൽ തീരുമാനം എടുക്കും.

ഇന്ത്യൻ ടീമിൽ സ്പിന്നർ ആർ അശ്വിൻ ടീമിൽ തിരിച്ചെത്തിയതാണ് ലോകകപ്പ് ടീമിലെ സർപ്രൈസ്. സൂര്യകുമാർ യാദവ് ടീമിൽ സ്ഥാനം നിലനിർത്തി. ഋഷഭ് പന്ത്, ഇഷാൻ കിഷൻ എന്നിവരാണ് വിക്കറ്റ് കീപ്പർമാർ. ലോകേഷ് രാഹുൽ രോഹിതിനൊപ്പം ഓപ്പൺ ചെയ്യും. ധവാന് ഇടം ലഭിച്ചില്ല. യുസ്‌വേന്ദ്ര ചഹാലിന് സ്ഥാനം നഷ്ടമായി. രാഹുൽ ചഹാറാണ് പകരം ടീമിലെത്തിയത്. ജഡേജക്കൊപ്പം സ്പിൻ ഓൾറൗണ്ടറായി അക്സർ പട്ടേൽ ടീമിലെത്തിയതും വരുൺ ചക്രവർത്തി ടീമിൽ ഇടം പിടിച്ചതും അപ്രതീക്ഷിതമായി. ബുംറ, ഭുവി, ഷമി എന്നിവരാണ് പേസർമാർ. ശ്രേയസ് അയ്യർ, ഷർദുൽ ഠാക്കുർ, ദീപക് ഛാഹർ എന്നിവരാണ് സ്റ്റാൻഡ്ബൈ പ്ലെയേഴ്സ്.

ഇതിനിടെ ഓൾറൗണ്ടർ ഹർദ്ദിക് പാണ്ഡ്യ ലോകകപ്പ് മത്സരങ്ങളിൽ പന്തെറിയുമെന്ന് സെലക്ഷൻ കമ്മറ്റി ചെയർമാൻ ചേതൻ ശർമ്മ വ്യക്തമാക്കി. ലോകകപ്പ് ടീം പ്രഖ്യാപനത്തിനു പിന്നാലെയാണ് ചേതൻ ശർമ്മയുടെ പ്രതികരണം. ഐപിഎൽ ആദ്യ പാദത്തിനിടെ ഒരു ഓവർ പോലും ഹർദ്ദിക് എറിഞ്ഞിരുന്നില്ല. ശ്രീലങ്കൻ പര്യടനത്തിൽ ചില ഓവറുകൾ എറിഞ്ഞ് വിക്കറ്റ് വീഴ്ത്തിയെങ്കിലും ഹർദ്ദികിൻ്റെ എക്കോണമി വളരെ മോശമായിരുന്നു. ടി-20 ലോകകപ്പിൽ താരം പന്തെറിയുമെന്ന് ചേതൻ ശർമ്മ തന്നെ വെളിപ്പെടുത്തിയതിനാൽ താരം ഐപിഎൽ രണ്ടാം പാദത്തിലും പന്തെറിഞ്ഞേക്കും.