Cricket Sports

ക്രിസ് ഗെയ്‍ല്‍, സിക്സറുകളുടെ ‘അഞ്ഞൂറാന്‍’…

ഇംഗ്ലണ്ടിനെതിരായ ഏകദിന ക്രിക്കറ്റില്‍ സിക്സറുകളുടെ പെരുമഴ പെയ്യിച്ച കരീബിയന്‍ താരം ക്രിസ് ഗെയ്‍ല്‍ സ്വന്തമാക്കിയത് അത്യപൂര്‍വ ലോക റെക്കോര്‍ഡ്. പ്രായം 40 ലേക്ക് എത്തുമ്പോഴും ബോളറെ അതിര്‍ത്തി കടത്തിയുള്ള റണ്‍വേട്ടയില്‍ തന്നെ വെല്ലാന്‍ മറ്റൊരാളില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് ഗെയ്‍ല്‍.

ഇംഗ്ലണ്ടിനെതിരെ 14 സിക്സറുകളും 11 ബൌണ്ടറികളും അടിച്ചുകൂട്ടിയ ഗെയ്‍ല്‍ വേട്ടയാടി നേടിയത് 97 പന്തില്‍ 162 റണ്‍സ്. ഇന്നലത്തെ വെടിക്കെട്ട് പ്രകടനത്തോടെ രാജ്യാന്തര ക്രിക്കറ്റില്‍ 500 സിക്സറുകള്‍ പായിച്ച ആദ്യ താരമെന്ന ലോക റെക്കോര്‍ഡും ഗെയ്‍ല്‍ സ്വന്തമാക്കി. ഇംഗ്ലണ്ടിനെതിരെ സിക്സറുകള്‍ മാത്രം പറത്തി ഗെയ്‍ല്‍ നേടിയത് 84 റണ്‍സാണ്. ബ്രയാന്‍ ലാറയ്ക്ക് ശേഷം ഏകദിനത്തില്‍ പതിനായിരം റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ വെസ്റ്റിന്‍ഡീസ് താരം എന്ന നേട്ടവും ഗെയ്‍ല്‍ സ്വന്തമാക്കി. രാജ്യാന്തര ക്രിക്കറ്റില്‍ ഈ നാഴികക്കല്ലില്‍ മുത്തമിട്ട പതിനാലാമത്തെ താരവുമാണ് ഗെയ്‍ല്‍.